ഹോങ്കോങ്: ചൈനീസ് അതിക്രമത്തിനെതിരെ പൊരുതാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണ തേടി ലിത്വേനിയ. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സ്വേച്ഛാധിപത്യത്തെയും ബീജിങ്ങിന്റെ കടന്നുകയറ്റത്തെയും പരസ്യമായി എതിര്‍ത്തതോടെ ലിത്വേനിയയ്ക്കെതിരെ കടുത്ത നടപടികളുമായി ചൈന മുന്നോട്ടുപോവുന്നതിനിടെയാണിതെന്ന് ഹോങ്കോങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തായ്വാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലിത്വേനിയ നടപടികള്‍ സ്വീകരിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വില്നിയസില് എംബസിക്ക് തുല്യമായ ഒരു പ്രതിനിധി ഓഫീസ് തുറക്കാന്‍ തായ്വാനെ ലിത്വേനിയ അനുവദിച്ചിരുന്നു.
ലിത്വേനിയയുമായുള്ള നയതന്ത്രപദവി താഴ്ത്തിക്കൊണ്ടാണ് ബീജിങ് ഇതിന് മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡിസംബര്‍ പകുതിയോടെ ചൈനയില്‍ നിന്ന് ശേഷിക്കുന്ന നയതന്ത്രജ്ഞരെ ലിത്വാനിയ പിന്‍വലിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലിത്വേനിയ ഇടപെടുന്നുവെന്നാണ് ചൈനീസ് ആരോപണം.
വില്നിയസുമായുള്ള ചരക്ക് ട്രെയിനുകളുടെ നീക്കം ചൈന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലിത്വേനിയന്‍ ഭക്ഷ്യ കയറ്റുമതി ലൈസന്‍സ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്ന നടപടിയും നിര്‍ത്തി.
ഇതേത്തുടര്‍ന്നാണ് ലിത്വേനിയ ഇതര രാജ്യങ്ങളുടെ പിന്തുണ തേടിയത്. ചൈനയുടെ ഉപരോധമടക്കമുള്ള നീക്കങ്ങളെ ചെറുക്കാനുള്ള സഹകരണമാണ് അവര്‍ തേടുന്നത്. അതേസമയം ലിത്വാനിയയുടെ തീരുമാനത്തിന് യുഎസ് പിന്തുണ പ്രഖ്യാപിച്ചു. ലിത്വേനിയയില്‍ ചൈനീസ് സമ്മര്‍ദ്ദം തുടര്‍ന്നാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: