കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി അയത്തില്‍-ചെമ്മാ മുക്ക് റോഡ് ഇന്നു മുതല്‍ രണ്ടുമാസത്തേക്ക് അടയ്ക്കും. അയത്തില്‍ മുതല്‍ പട്ടത്താനം മണിച്ചിത്തോട് വരെ രണ്ടര കിലോമീറ്റര്‍ നീളത്തിലാണ് കൂറ്റന്‍ പൈപ്പ് സ്ഥാപിക്കുന്നത്. 2.50 മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ താഴ്ചയിലാണ് പൈപ്പ് സ്ഥാപിക്കുക. റോഡിന്റെ ഇരുവശങ്ങളും പൂര്‍ണമായും അടയ്ക്കുമെങ്കിലും ഈ പ്രദേശത്തു താമസിക്കുന്നവരെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍.
300 മീറ്റര്‍ വീതമുള്ള റീച്ച് അടിസ്ഥാനത്തിലാണ് പൈപ്പ് ഇടുന്നത്. ഒരു റീച്ചിലെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ണമാക്കി റോഡ് മണ്ണിട്ട് മൂടിയശേഷം മാത്രമെ അടുത്ത റീച്ചിന്റെ നിര്‍മാണം ആരംഭിക്കുകയുള്ളൂ. അതിനാല്‍ ഈ റോഡിന്റെ വശങ്ങളില് താമസിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, പുറത്തു നിന്ന് എത്തുന്ന വാഹനങ്ങള്‍ റോഡിലേക്ക് കയറ്റി വിടില്ല. രണ്ട് യൂണിറ്റുകള്‍ ഉപയോഗിച്ച് 24 മണിക്കൂറും ജോലി നടത്തി പദ്ധതി മാര്‍ച്ചോടെ പൂര്‍ണമാക്കുകയാണ് ലക്ഷ്യം.
ഗതാഗത ക്രമീകരണം
കണ്ണനല്ലൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ അയത്തില്‍ ജംഗ്ഷനില്‍ നിന്നു ബൈപ്പാസ് റോഡ് വഴി ദേശീയപാതയിലേക്കു തിരിച്ചു വിടും. അയത്തില്‍-തട്ടാമല-കൊല്ലം വഴിയാകും പ്രധാനമായും വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും തിരിച്ചു വിടുന്നത്. കല്ലുംതാഴം-കടപ്പാക്കട-കൊല്ലം റോഡിലൂടെയും വാഹനങ്ങള്‍ കടത്തിവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: