തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണും കുതിച്ചുയരുന്നു. ഒരാഴ്ച കൊണ്ട് മൂന്നിരട്ടി രോഗികളായി. ദിവസങ്ങള്‍ക്കു മുന്‍പ് 57 രോഗികളായിരുന്നുവെങ്കില്‍ ഇന്നലെ ഇത് 152 ആയി. സമ്പര്‍ക്കരോഗികളുടെ എണ്ണവും കൂടുകയാണ്. ഇതോടെ ഒമിക്രോണ്‍ ബാധയില്‍ കേരളം രാജ്യത്ത് മൂന്നാമതെത്തി. ശനിയാഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു. ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം നല്കി.
ഇന്നലെ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശ്ശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ. ഇതില്‍ ഒമ്പത് പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 32 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നു വന്ന 50 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുമുള്ള 84 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടുന്നു. ഇന്നലെ മാത്രം മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഇതോടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 18 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതും സമ്പര്‍ക്കരോഗികള്‍ കൂടുന്നതും അതീവ ഗുരുതരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എറണാകുളത്ത് എട്ടു പേര് യുഎഇയില്‍ നിന്നും, മൂന്നു പേര് ഖത്തറില്‍ നിന്നും രണ്ടു പേര് യുകെയില്‍ നിന്നും, ഒരാള്‍ വീതം ഫ്രാന്‍സ്, ഫിലിപ്പൈന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് ഒമ്പതു പേരും യുഎഇയില്‍ നിന്നും വന്നതാണ്. തൃശ്ശൂരില്‍ മൂന്നു പേര് യുഎഇയില്‍ നിന്നും ഒരാള്‍ സ്വീഡനില്‍ നിന്നും എത്തിയതാണ്. പത്തനംതിട്ടയില്‍ യുഎഇയില്‍ നിന്നു വന്ന രണ്ടു പേര്‍ക്കും കസാഖിസ്ഥാന്‍, അയര്‍ലന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുവന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ട്. കോഴിക്കോട് ഒരാള്‍ വീതം യുകെ, ഉഗാണ്ട, ഉക്രൈന് എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് രണ്ട് പേര് യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎഇയില്‍ നിന്നും വന്നതാണ്.
കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഒരുതരത്തിലുമുള്ള സാമൂഹിക ഇടപെടലുകളും പാടില്ല. അവര്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളില്‍ എല്ലാവരും എന്‍ 95 മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: