ശന്തനുവിനു ഗംഗയില്‍ ദേവവ്രതന് എന്നും ഗംഗാദത്തന് എന്നും പേരുകളുള്ള ഭീഷ്മന്‍ ജനിച്ചു. ഭീഷ്മന്റെ അനുവാദത്തോടെ ശന്തനു മുക്കുവസ്ത്രീയായ സത്യവതിയെ വിവാഹം ചെയ്തു. കുറേ മുമ്പ് പരാശരമഹര്‍ഷിയില്‍ നിന്ന് സത്യവതിക്ക് ഒരു പുത്രന് ജനിച്ചിരുന്നു- വ്യാസന്. ശന്തനുവില്‍നിന്ന് സത്യവതിക്ക് വിചിത്രവീര്യന് എന്നും ചിത്രാംഗദന്‍ എന്നും രണ്ടു പുത്രന്മാര് ഉണ്ടായി. യുവാക്കളായിരുന്നപ്പോള്‍ ചിത്രാംഗദനെ ഒരു ഗന്ധര്വ്വന് അടിച്ചുകൊന്നു. വിചിത്രവീര്യന് അമിതസുഖഭോഗങ്ങളില്‍ മുഴുകി രാജയക്ഷ്മാവ് (ക്ഷയരോഗം) പിടിച്ചു മരിച്ചു.
കാശീശപുത്രിമാരായ അംബ, അംബിക, അംബാലിക എന്ന മൂന്നു സുന്ദരികളെ ഭീഷ്മര്‍ അനുജന്മാര്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുപോന്നു. അവരില്‍ അംബ സാല്വനെ പ്രണയിച്ചിരുന്നതുകൊണ്ട് അക്കാര്യം പറഞ്ഞപ്പോള്‍ ഭീഷ്മര്‍ അവളെ വിട്ടയച്ചു. അംബികയെയും അംബാലികയെയും കൊണ്ടുവന്നപ്പോള്‍, വിചിത്രവീര്യനും ചിത്രാംഗദനും മരിച്ചുപോയതുകൊണ്ട് അവര്‍ക്ക് മക്കളുണ്ടാകാനുള്ള സന്ദര്‍ഭവും നഷ്ടമായി. വംശനാശം വന്ന് കുലം അറ്റുപോകാതിരിക്കാന്‍ സത്യവതി തന്റെ ആദ്യപുത്രനായ വ്യാസനെ വിളിച്ച് അംബയിലും അംബാലികയിലും പുത്രന്മാരെ ജനിപ്പിക്കാനാവശ്യപ്പെട്ടു. വ്യാസന് അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ആദ്യം അംബികയെ വിരൂപനായി പ്രാപിച്ചു. വ്യാസനെ വിരൂപനായിക്കണ്ട അംബിക കണ്ണടച്ചുകളഞ്ഞു. ആ ശിശു ജന്മനാ അന്ധനായിത്തീര്‍ന്നു. അവനാണ് ധൃതരാഷ്ട്രന്. രണ്ടാമത് അംബാലികയെ അതേരൂപത്തില്‍ പ്രാപിച്ചു. അവള് ആരൂപത്തില്‍ അറപ്പുതോന്നി വിറളിവെളുത്തപോയി. ആ ശിശു പാണ്ഡുരവര്‍ണനായി. അവനാണ് പാണ്ഡു. വീണ്ടും വ്യാസന് അംബികയെ സമീപിച്ചപ്പോള്‍ അവള് വ്യാസനറിയാതെ ദാസിയെ പറഞ്ഞുവിട്ടു. അവളില്‍ വിദുരന്‍ ഉണ്ടായി.
ധൃതരാഷ്ട്രന് ഗാന്ധാരിയില്‍ 101 മക്കള്‍. നൂറുപുരുഷന്മാരും ദുശ്ശള എന്ന ഒരേയൊരു പുത്രിയും. പാണ്ഡുവിന് കുന്തിയില്‍ ധര്മ്മപുത്രന്, ഭീമസേനന്, അര്ജുനന് എന്നിവരും മാദ്രിയില്‍ നകുലസഹദേവന്മാരും ജനിച്ചു. ഇവര്‍ അഞ്ചുപേരും ദ്രുപദപുത്രിയായ പാഞ്ചാലിയെ വേട്ടു. പാഞ്ചാലിയില്‍ ധര്മ്മപുത്രന് പ്രതിവിന്ധ്യന്‍ എന്ന ഒരു പുത്രനുണ്ടായി. ഭീമസേനനു സുതസോമനെന്നും അര്‍ജുനനു ശ്രുതകീര്‍ത്തിയെന്നും നകുലനു ശതാനീകനെന്നും സഹദേവന് ശ്രുതകര്‍മ്മാവെന്നും ഒരോ പുത്രന്മാരുണ്ടായി.
ധര്മ്മപുത്രന് ഗോവാസനെന്ന ശൈബ്യപുത്രി വേദികയില്‍ യൗധേയന്‍ എന്ന പുത്രനുണ്ടായി. ഭീമസേനന് കാശിരാജപുത്രി ബലന്ധരയില്‍ സര്‍വ്വഗന്‍ എന്ന ഒരു പുത്രനുണ്ടായി. അര്ജുനന് കൃഷ്ണസോദരിയായ സുഭദ്രയില്‍ അഭിമന്യു പിറന്നു. നകുലന് ചേദിരാജകന്യയായ കരേണകയില്‍ നിരമിത്രന് എന്നും സഹദേവന് മദ്രരാജാവായ ദ്യുതിമാന്റെ പുത്രി വിജയയില്‍ സുഹോത്രന് എന്ന പുത്രനും പിറന്നു. ഭീമസേനന് ഹിഡുംബിയില്‍ ഘടോല്ക്കചന് എന്ന പുത്രന് പിറന്നിരുന്നു. അങ്ങനെ പാണ്ഡവര്‍ക്ക് പതിനൊന്നു പുത്രന്മാരുണ്ടായി. അവരില്‍ ശ്രേഷ്ഠന് അഭിമന്യൂ, ജ്യേഷ്ഠന് ഘടോല്ക്കചന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: