ആര്‍. രാമചന്ദ്രന്‍
1952 ജൂണ്‍ മാസത്തിലെ ഒരു ദിവസം. ശോകസാന്ദ്രമായ ബാന്റിന്റെ അകമ്പടിയോടെ ശവമഞ്ചവും വഹിച്ചുകൊണ്ട് ഒരു വിലാപയാത്ര പാരീസിന്റെ പ്രധാന തെരുവിലൂടെ മുന്നോട്ടു നീങ്ങുന്നു. ആദരസൂചകമായി പള്ളിയിലെ മണികള്‍ മുഴങ്ങി. വിലാപയാത്രയുടെ മുന്‍നിരയില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റും നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. ലോകപ്രശസ്തയായ അന്ധയും ബധിരയും മൂകയുമായ ഹെലന്‍കെല്ലറും. കാഴ്ചനഷ്ടപ്പെട്ടവരുടെ ഒരു വന്‍കൂട്ടവും ഈ വിലാപയാത്രയെ അനുഗമിക്കുന്നുണ്ടായിരുന്നു.
ഫ്രാന്‍സിലെ കുവ്രേ എന്ന ഗ്രാമത്തില്‍ 100 വര്‍ഷം മുമ്പ് മരിച്ച് അടക്കം ചെയ്ത ഒരു മഹാന്റെ ശവശരീരം രാജ്യത്തിന്റെ എല്ലാ ആദരങ്ങളും ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വീണ്ടും അടക്കം ചെയ്യാനായിരുന്നു ഈ വിലാപയാത്ര. ഇതുപോലെ മറ്റൊരു സംഭവം ലോകചരിത്രത്തില്‍ വേറെയില്ല. കാഴ്ചയില്ലാത്തവര്‍ ഭിക്ഷാംദേഹികളും, നിസ്സഹായരുമായി കരുതപ്പെട്ടിരുന്ന ഒരു കാലത്ത് എതിര്‍പ്പുകളേയും ക്ലേശങ്ങളേയും അതിജീവിച്ച് അവര്‍ക്കായി ഒരു എഴുത്തുരീതി, ബ്രെയില്‍ ലിപി കണ്ടുപിടിച്ച ലൂയി ബ്രെയില്‍ ആയിരുന്നു ആ മഹാന്‍.
1809 ജനുവരി 4ന് ഫ്രാന്‍സിലെ കുവ്രേ ഗ്രാമത്തില്‍ സിമോണ്‍ റെനേ ബ്രെയിലിന്റെയും മോനിക്കിന്റെയും നാല് മക്കളില്‍ ഇളയവനായി ലൂയി ബ്രെയില്‍ ജനിച്ചു. സിമോണ്‍ റെനേ തുകല്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ആളായിരുന്നു. നിത്യവും പണിപ്പുരയില്‍ അച്ഛന്‍ ചെയ്യുന്നതൊക്കെ സസൂക്ഷ്മം നിരീക്ഷിക്കുന്നത് ലൂയിയുടെ പതിവായിരുന്നു. ക്രമേണ അച്ഛനെപ്പോലെ തുകല്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മോഹം ലൂയിയില്‍ മൊട്ടിട്ടു. ഒരു ദിവസം ലൂയി അച്ഛന്റെ പണിശാലയില്‍ പ്രവേശിച്ചു. ആ സമയം സിമോണ്‍ അവിടെയുണ്ടായിരുന്നില്ല. ഒരു കൂര്‍ത്ത കമ്പികൊണ്ട് തുകലില്‍ ഒരു ദ്വാരമുണ്ടാക്കാന്‍ ലൂയി ശ്രമം തുടങ്ങി. പലവട്ടം ശ്രമിച്ചിട്ടും അത് വിജയിച്ചില്ല. അവസാനം മുഴുവന്‍ ശക്തിയും ഉപയോഗിച്ചു നടത്തിയ ശ്രമം വിജയിച്ചുവെങ്കിലും ഒരു വലിയ ദുരന്തത്തിന്റെ നാന്ദിയെന്നോണം കൂര്‍ത്തകമ്പി ലൂയിയുടെ കണ്ണില്‍ തുളച്ചുകയറി.
വലതുകണ്ണിനേറ്റ ആഴമേറിയ മുറിവ് സുഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. കാഴ്ച വീണ്ടെടുക്കാന്‍ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. വലതുകണ്ണിലെ പഴുപ്പ് ഇടതുകണ്ണിനെയും ബാധിച്ചു. ക്രമേണ ഇരുകണ്ണിന്റേയും കാഴ്ച മങ്ങി. ഓടി നടന്നിരുന്ന സ്വന്തം വീട്ടില്‍ പോലും ലൂയി തട്ടിവീഴാന്‍ തുടങ്ങി. അഞ്ച് വയസ്സായപ്പോഴേക്കും കോര്‍ണിയക്കേറ്റ ക്ഷതം കാരണം ലൂയിബ്രെയില്‍ പൂര്‍ണമായി അന്ധതയുടെ പിടിയിലമര്‍ന്നു.
അക്കാലത്ത് കാഴ്ചശേഷിയില്ലാത്തവര്‍ മറ്റുള്ളവരുടെ സന്മനസ്സുകൊണ്ടാണ് ജീവിതം നയിച്ചിരുന്നത്. തങ്ങളുടെ ഓമന മകനും ഭിക്ഷാടനം നടത്തി ജീവിക്കേണ്ടി വരുമോ എന്ന ചിന്ത മാതാപിതാക്കളെ അലട്ടി. ലൂയിക്ക് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിര്‍ലോഭമായ വാത്സല്യവും പരിചരണവും ലഭിച്ചു. അവര്‍ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ക്ഷമാപൂര്‍വ്വം അവന് മനസ്സിലാക്കികൊടുത്തു. സ്പര്‍ശനത്തിലൂടെ, ഗന്ധത്തിലൂടെ ചുറ്റുമുള്ളതൊക്കെ തിരിച്ചറിയാന്‍ അവര്‍ അവനെ പഠിപ്പിച്ചു. അന്ന് കുവ്രേയിലെ റെക്ടറായിരുന്ന ഫാദര്‍ പാളൂയിക്ക് ലൂയിയോട് സ്‌നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ലൂയിയുടെ ബുദ്ധിശക്തിയും തളരാത്ത മനസ്സും കണ്ട ഫാദര്‍ പാളൂയി ലൂയിയെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ കാഴ്ചയുള്ള കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ലൂയി പഠനം തുടങ്ങി.
അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ അച്ഛന്‍ ഒരുഉപായം കണ്ടെത്തി. പലകയില്‍ ആണികള്‍ തറച്ച് അദ്ദേഹം അക്ഷരമാല രൂപപ്പെടുത്തി. ലൂയി അത് വളരെ ക്ഷമാപൂര്‍വ്വം സ്പര്‍ശിച്ചു പഠിച്ചു. ഉരുണ്ട അഗ്രത്തോടുകൂടിയ ആണികള്‍കൊണ്ടു രൂപപ്പെടുത്തിയ അക്ഷരമാല. പത്താം വയസ്സില്‍ കാഴ്ചയില്ലാത്തവര്‍ക്കായി വാലെന്റൈന്‍ ഹാവി എന്ന മനുഷ്യസ്‌നേഹി സ്ഥാപിച്ച വിദ്യാലയത്തില്‍ ലൂയി ചേര്‍ന്നു. ഒരു പുതിയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പും പ്രശസ്തിയിലേക്കുള്ള ആദ്യപടിയുമായിരുന്നു അത്.
പഠനത്തില്‍ ലൂയി ഒന്നാമനായി. 1821 ഏപ്രില്‍ 11 ലൂയിയുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് വഴി തെളിയിച്ച ദിനമായിരുന്നു. ആ ദിവസം റിട്ട. ആര്‍ട്ടിലറി ക്യാപ്റ്റന്‍ ഷാര്‍ള് ബാര്‍ബിയേദേ ലേസര്‍ സ്‌കൂളില്‍ വന്നു. ഷാര്‍ള് ബാര്‍ബിയേദയുടെ ‘നിശാ എഴുത്ത്” എന്ന നൈറ്റ് റൈറ്റിംഗ് രീതി ലൂയി ബ്രെയിലിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവിന് കളമൊരുക്കി. ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങള്‍ എഴുതി കൈമാറാനും, വിരല്‍ തൊട്ട് അത് വായിക്കാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിനുണ്ടായിരുന്നു. 1800ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സൈനികര്‍ക്കുവേണ്ടി ഷാര്‍ള് രൂപകല്പന ചെയ്ത രീതിയാണിത്. രാത്രികാലങ്ങളില്‍ സൈനികര്‍ കത്തുകള്‍ വായിക്കാനും മറ്റും വിളക്കുകള്‍ കത്തിക്കുന്നത് ശത്രുക്കള്‍ കാണുകയും നിരവധി തവണ ഒട്ടനേകം പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തത് ഷാര്‍ള് ബാര്‍ബിയേദര്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
ഈ എഴുത്തുരീതി ലൂയിയെ ഏറെ ആകര്‍ഷിച്ചു, അത് സ്വായത്തമാക്കി. അതിന്റെ പരിമിതികളെക്കുറിച്ചും ലൂയി ബോധവാനായിരുന്നു. രാത്രികാലങ്ങളില്‍ ഉറക്കം വെടിഞ്ഞ് സാധാരണകാഴ്ചയുള്ളവര്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നതുപോലെ അക്ഷരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പുതിയ എഴുത്തുരീതി കണ്ടുപിടിക്കാന്‍ ലൂയി ആലോചിച്ചു. അവധിക്കാലത്ത് കുവ്രേയിലെ വീട്ടില്‍ വെച്ചും പരീക്ഷണങ്ങള്‍ തുടര്‍ന്നു.
1829 ല്‍ ലൂയി താന്‍ കണ്ടുപിടിച്ച എഴുത്തു രീതി വിദ്യാലയമേധാവിയുടെ മുമ്പാകെ അവതരിപ്പിച്ചു. ഈ പുതിയ രീതിക്ക് അടിസ്ഥാനമായി ലൂയി സ്വീകരിച്ചത് ആറ് കുത്തുകളാണ്. കാഴ്ചയുള്ളവര്‍ ഉപയോഗിക്കുന്ന എല്ലാ ലിഖിത ചിഹ്നങ്ങളും ഇതുകൊണ്ട് പകര്‍ത്തിയെഴുതാന്‍ കഴിയുമെന്ന് ലൂയി മേധാവിയെ ബോധിപ്പിച്ചു. ഈ എഴുത്തുരീതി എത്രമാത്രം പ്രയോജനപ്രദമാണെന്ന് പരീക്ഷിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അന്നത്തെ പത്രത്തില്‍ വന്ന ഒരു ലേഖനം പകര്‍ത്തിയെഴുതാന്‍ ലൂയിയോട് ആവശ്യപ്പെട്ടു. താന്‍ വികസിപ്പിച്ചെടുത്ത അക്ഷരരീതികൊണ്ട് എഴുതിയ ലേഖനത്തിന്റെ ഭാഗങ്ങള്‍ സ്പര്‍ശം കൊണ്ട് മനസ്സിലാക്കി ഒരു തെറ്റും കൂടാതെ വായിച്ചുകൊടുത്തു. സഹപാഠികള്‍ക്കുമാത്രമല്ല കാഴ്ച നഷ്ടപ്പെട്ടവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് ലൂയി മോഹിച്ചു. ലൂയിയുടെ അക്ഷരമാല അംഗീകൃത ലിപിയാക്കണമെന്ന് ഫ്രഞ്ച് ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു.
1834 ല്‍ ഫ്രാന്‍സില്‍ നടന്ന ഒരു എക്‌സിബിഷനില്‍ പങ്കെടുത്ത ലൂയി തന്റെ അക്ഷരമാല അവിടെ പ്രദര്‍ശിപ്പിച്ചു. ഫ്രഞ്ചു ചക്രവര്‍ത്തി ഇതു കണ്ടെങ്കിലും ഔദ്യോഗികമായി ഈ അക്ഷരമാലയെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇത് ലൂയിയെ വളരെ നിരാശനാക്കി. ആയിടക്ക് ലൂയിയുടെ ആരോഗ്യം ക്ഷയിക്കുവാന്‍ തുടങ്ങി. ഇടയ്‌ക്കിടെ പനിയും ചുമയും ലൂയിയെ ബാധിച്ചു. ക്ഷയരോഗബാധിതനായി. 1852 ജനുവരി 8ന് പാരീസില്‍ വെച്ച് ലൂയി ലോകത്തോട് വിടപറഞ്ഞു. രണ്ട് വര്‍ഷത്തിനുശേഷം ഫ്രഞ്ച് ഭരണകൂടം ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല, കാഴ്ചയില്ലാത്തവരുടെ ഔദ്യോഗിക അക്ഷരമാലയായി അംഗീകരിച്ചു. ലൂയിയോടുള്ള ആദര സൂചകമായി ‘ബ്രെയില്‍ ലിപി’ എന്ന് നാമകരണം ചെയ്തു. ഇന്ന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ബ്രെയില്‍ ലിപി അംഗീകരിച്ചു.
കോര്‍ണിയക്ക് ക്ഷതം സംഭവിച്ചതാണ് ലൂയി ബ്രെയിലിന് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്. കോര്‍ണിയക്ക് തകരാര്‍ സംഭവിച്ചതു മൂലം കാഴ്ച നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. വ്യക്തികള്‍ മരണാനന്തരം നേത്രദാനം ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ ഈ അന്ധത പരിഹരിക്കാന്‍ സാധ്യമാവുകയുള്ളൂ. കോര്‍ണിയ തകരാറു മൂലം കാഴ്ച നഷ്ടമായവര്‍ക്ക് വെളിച്ചം പകരാന്‍ ‘സക്ഷമ’ ആവിഷ്‌കരിച്ച പദ്ധതിയാണ് സിഎഎംബിഎ അഥവാ കോര്‍ണിയ അന്ധത്വ മുക്ത ഭാരത് അഭിയാന്‍. നേത്രദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് കാഴ്ചശക്തി നല്‍കാന്‍ സമൂഹത്തെ സന്നദ്ധമാക്കുന്ന പ്രവര്‍ത്തനത്തിന് ലൂയി ബ്രെയിലിന്റെ ജീവിതം അനശ്വര പ്രേരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: