ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ക്കും, ഒത്താശ ചെയ്യുന്ന പോലീസിനും ശക്തമായ താക്കീത് നല്കി ബിജെപിയുടെ എസ്പി ഓഫീസ് മാര്‍ച്ച്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏറ്റവും ഭീതിജനകമായ രീതിയില്‍, ഒരു മനുഷ്യനോട് ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് അമ്മയുടെയും ഭാര്യയുടെയും മുന്‍പിലിട്ട് രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആ കൊലപാതകത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നന്നായി അറിയാവുന്നവരാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.പക്ഷെ നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലായതിനാലും നിയമവാഴ്ചയില്‍ വിശ്വാസമുളളതുകൊണ്ടുമാണ് സംയമനം പാലിക്കുന്നത്.
രണ്‍ജീതിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവര്‍ അന്യസംസ്ഥാനത്തേക്ക് രക്ഷപെട്ടുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് രണ്ടു പേരെ പിടികൂടി. പോപ്പുലര്‍ ഫ്രണ്ടുകാരുടെ അന്യസംസ്ഥാനം പെരുമ്പാവൂരാണോയെന്ന് അദ്ദേഹം ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാരന്റെയും എസ്ഡിപിഐക്കാരന്റെയും കൊലക്കത്തിക്ക് ഇരയാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊലപാതകികള്‍ക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും അദ്ദേഹം ചോദിച്ചു. രണ്‍ജീത് ശ്രീനിവാസന്റെ ചോരയ്ക്ക് ഉത്തരവാദി എസ്ഡിപിഐ മാത്രമല്ല പോലീസുകാരും കൂടിയാണ്. പോലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്‍ജീത്തിന്റെ കൊലപാതകത്തിന് ശേഷം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ ഉണ്ടായിരുന്നു. പക്ഷെ ഒരു ചെറിയ പ്രകോപനം പോലും ഉണ്ടായില്ല. പക്ഷെ ഇപ്പോള്‍ പോലീസ് ചെയ്യുന്നത് രാത്രിയില്‍ കിടന്നുറങ്ങുന്ന ആളുകളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഫോട്ടോയെടുക്കുകയുമൊക്കെയാണ്. ആലപ്പുഴയില്‍ മാത്രമല്ല സംസ്ഥാനത്ത് മുഴുവന്‍ ഉണ്ട്. പോലീസിനോടുളള മര്യാദയുടെ കാലം കഴിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ ഒളിപ്പോരാളികള്‍ അല്ല. പിന്നെ എന്തിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആര്‍എസ്എസിനെയും ബിജെപിയെയും നിരോധിച്ചിട്ടുണ്ടോ? എന്ത് അധികാരത്തിന്റെ പിന്‍ബലത്തിലാണ് പാതിരാത്രിയില്‍ പോലീസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വീട്ടില്‍ കയറി വരുന്നതെന്നും എംടി രമേശ് ചോദിച്ചു.
ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, വക്താവ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റ് കെ. സോമന്, ദേശിയ സമിതിയംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എല്‍. പി. ജയചന്ദ്രന്, വിമല്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: