ന്യൂദല്‍ഹി: ചൈന പുറത്തിറക്കിയ അരുണാചല്‍പ്രദേശിന്റെ മാപ്പില്‍ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്കി ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനീസ് ഭൂപടങ്ങളില്‍ ഉപയോഗിക്കാന്‍ അരുണാചല്‍പ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ പൗരകാര്യമന്ത്രാലയം അറിയിച്ചു. എങ്ങിനെയൊക്കെ പേരുകള്‍ മാറ്റിയാലും അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ എല്ലാം എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് കേന്ദ്രം തിരിച്ചടിച്ചു.
അരുണാചല്‍ പ്രദേശ് തെക്കന്‍ തിബത്താണെന്നാണ് ചൈനയുടെ അവകാശവാദം. ചൈനയുടെ ഭരണനിയന്ത്രണത്തില്‍പ്പെടുന്ന പ്രദേശമായാണ് തെക്കന്‍ തിബദത്തിനെ കാണുന്നത്. കഴിഞ്ഞ വര്‍ഷം അരുണാചല്‍പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ലെന്ന് ചൈന പറഞ്ഞിരുന്നു. ഈ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് ചിഹ്നങ്ങള്‍, തിബത്തന്‍-റോമന്‍ അക്ഷരമാലകള്‍ എന്നിവ ചേര്‍ത്താണ് പേര് നല്‍കിയിരിക്കുന്നത്. ഈ 15 പ്രദേശങ്ങള്‍ തെക്കന്‍ തിബത്തില്‍ ഉള്‍പ്പെട്ടതാണെന്നും ചൈന പറയുന്നു. എട്ട് റസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍, നാല് പര്‍വ്വതങ്ങള്‍, രണ്ട് നദികള്‍, ഒരു മലയിടുക്ക് എന്നിവ ഉള്‍പ്പെട്ടതാണ് ഈ 15 പ്രദേശങ്ങള്‍. സ്ഥലനാമങ്ങള്‍ കൈകാര്യം ചെയ്യല്‍ ക്രമപ്പെടുത്തുന്ന ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് 15 സ്ഥലങ്ങളുടെ പുനര്‍നാമകരണമെന്ന് ചൈന തിബെത്തോളജി റിസര്‍ച്ച് സെന്ററിലെ വിദഗ്ധന്‍ ലിയാന് സിയാങ്മിന്‍ പറഞ്ഞു.
2017ല്‍ ചൈന അരുണാചല്‍പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയിരുന്നു. ചൈന പുതിയ അതിര്‍ത്തി നിയമം പുറത്തുവിടുന്നതിന് മുന്നോടിയായാണ് സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടയിലാണ് പുതിയ അതിര്‍ത്തി നിയമം ചൈന പുറത്തുവിടുന്നത്. ഇന്ത്യയുമായുള്ള യഥാര്‍ത്ഥനിയന്ത്രണരേഖയില്‍ ചൈന മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ചൈന 14 രാജ്യങ്ങളുമായി അതിര്‍ത്തിപങ്കിടുന്നത്. 22,457 കിലോമീറ്ററാണ് ഈ അതിര്‍ത്തി. അതില്‍ മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യയുമായാണ്. പുതുതായി ചൈന പുറത്തുവിടുന്ന അതിര്‍ത്തി നിയമമനുസരിച്ച് ചൈനീസ് പട്ടാളവും ചൈനീസ് പൊലീസും ചേര്‍ന്ന് അതിര്‍ത്തി സംരക്ഷിയ്ക്കുമെന്നാണ് പറയുന്നത്. ഇത് ഇന്ത്യയുമായി വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഏകദേശം അതിര്‍ത്തിയില്‍ 38,000 കിലോമീറ്ററോളം ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. കിഴക്കന്‍ ലഡാക്കുമായി അതിര്‍ത്തിപങ്കിടുന്ന അക്സായി ചിന് എന്ന പ്രദേശത്താണ് ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കയ്യടക്കിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം. പാകിസ്ഥാന് അനധികൃതമായി കൈവശം വെച്ചിരുന്ന 5,180 ചതുരശ്രകിലോമീറ്റര്‍ സ്ഥലം 1963ല്‍ ചൈനയ്ക്ക് കൈമാറിയതായും ഇന്ത്യ ആരോപിക്കുന്നു. കഴിഞ്ഞ 20 മാസമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇപ്പോള്‍ അത് പരിഹരിക്കാന്‍ നയതന്ത്ര, സൈനികതല ചര്‍ച്ചകള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: