തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും തുടര്‍ന്ന് മദ്യം വിദേശി തന്നെ ഒഴുക്കി കളയേണ്ട തരത്തില്‍ അവഹേളിച്ച സംഭവത്തില്‍ പോലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് സര്‍ക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ് പറഞ്ഞു. സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെ എന്നും റിയാസ് വ്യക്തമാക്കി.
കോവളത്ത് നാലു വര്‍ഷമായി ഹോം സ്റ്റേ നടത്തുന്ന സ്വീഡന് സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68)യാണ് വാഹനപരിശോധനയ്ക്കിടെ കോവളം പോലീസ് അവഹേളിച്ചെന്ന് പരാതിയുയര്‍ന്നത്. പരിശോധനയ്ക്കിടെ ഇയാള്‍ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനു നേരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വിദേശി പിന്നീട് മദ്യത്തിന്റെ ബില്ലുമായി സ്റ്റേഷനില്‍ എത്തി പോലീസിനെ കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: