തിരക്കിന്റെ പുതു വര്‍ഷമാണ് വരുന്നത്. നാലു ലോക ചാംപ്യന്‍ഷിപ്പുകളും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും ശീതകാല ഒളിമ്പിക്സും ഈ വര്‍ഷം അരങ്ങേറും. ലോകകപ്പ് ഫുട്ബോളും ട്വന്റി20 ലോകകപ്പും, ഹോക്കി വനിതാ ലോകകപ്പും കൊണ്ട് സമ്പന്നമാണ് 2022. ഖത്തര്‍ എന്ന കൊച്ചു രാജ്യത്ത് ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ എട്ടുവരെ, അഞ്ച് നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് പോരാട്ടങ്ങള്‍.
ലുസൈലിലെ ഐകോണിക് സ്റ്റേഡിയം, അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം, ദോഹയിലെ സ്റ്റേഡിയം 974 (റാസ് അബൂഅബൂദ് സ്റ്റേഡിയം), അല്‍ തുമാമ സ്റ്റേഡിയം, അല്‍ റയാനിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹമദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ വക്രറയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. എട്ട് സ്റ്റേഡിയങ്ങളും മത്സര സജ്ജമായിക്കഴിഞ്ഞു. ഓരോ സ്റ്റേഡിയത്തോടനുബന്ധിച്ചും നിരവധി പരിശീലന മൈതാനങ്ങളും ഒരുങ്ങി. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഒഴുകിയെത്തുന്ന ദശലക്ഷം കാണികളെ വരവേല്‍ക്കാനും ഖത്തര്‍ തയാറെടുത്തു കഴിഞ്ഞു.
മുന്‍കാല ലോകകപ്പുകളില്‍ സ്റ്റേഡിയങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നെങ്കില്‍ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളും 70 കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ്.
പ്രഥമ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ്, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ സാന്നിധ്യം, സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയുള്ള നിര്‍മാണം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കാലാവസ്ഥയിലും കളിക്കാനുള്ള സൗകര്യമൊരുക്കുന്ന ശീതീകരണ സംവിധാനങ്ങളോടെയുള്ള വേദികള്‍, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ആദ്യ ലോകകപ്പ്, പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ അങ്ങനെ നീണ്ടുകിടിക്കുകയാണ് ലോകകപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: