തിരുവനന്തപുരം: പോലീസിലെ ഒറ്റുകാര്‍ തൊടുപുഴയ്‌ക്കു പിന്നാലെ മറ്റു പലയിടങ്ങളിലും ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ പോലീസിന്റെ ഡേറ്റാ ബേസില്‍ നിന്ന് ശേഖരിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് കൈമാറിയെന്ന സംശയം ബലപ്പെട്ടു. രാജ്യസുരക്ഷയെയും ഇതര മതവിഭാഗങ്ങളുടെ ജീവിതത്തെ തന്നെയും ബാധിക്കാവുന്ന മറ്റു രഹസ്യ വിവരങ്ങളും ഇക്കൂട്ടര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന സംശയവുമുണ്ട്.
പോലീസ് രഹസ്യമായി ശേഖരിച്ച ഡേറ്റാ ബേസില്‍ നിന്നുള്ള സൂക്ഷ്മമായ വിവരങ്ങളാണ് പോലീസിലെ പോപ്പുലര്‍ ഫ്രണ്ട് ചാരന്മാര്‍ ചോര്‍ത്തിയിട്ടുള്ളത്. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ രണ്‍ജീത് ശ്രീനിവാസനെ തികച്ചും ആസൂത്രിമായി കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചതും പോലീസിലെ ഇത്തരം ചാരന്മാര്‍ ആയിരിക്കാം എന്നാണ് സംശയം. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ കൂടുകയാണ്. ഇവര്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുണ്ട്.
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നവരും തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നിരീക്ഷിക്കുന്നവരുമായ പോലീസുകാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവരങ്ങളാണ് ഭീകരര്‍ക്ക് ഇവര്‍ കൈമാറുന്നത്. ഇവരുടെ ഫോട്ടോ, താമസസ്ഥലം, കുടുംബവിവരങ്ങള്‍, സ്ഥിരം സഞ്ചരിക്കുന്ന വഴികള്‍ സഹിതം തീവ്രവാദ ഗ്രൂപ്പുകളുടെ കൈയിലെത്തിയിട്ടുണ്ട്. സ്ഥലം മാറിപോകുമ്പോള്‍ പോലും ആ വിവരം അതാത് പ്രദേശത്തേക്ക് കൈമാറും. ഇത് അറിയാവുന്നതിനാലാണ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പോലും മടിക്കുന്നത്.
തൊടുപുഴയില്‍ പോലീസ് ഇന്റലിജന്‍സ് ശേഖരിച്ച ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയതിന് കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെ സസ്‌പെന്‍ഡ് ചെയതത് കഴിഞ്ഞ ദിവസമാണ്. വിവരം ചോര്‍ത്തിയ കാര്യം ജന്മഭൂമി പുറത്തുകൊണ്ടുവന്നതോടെയാണ് പോലീസിലെ ചിലര്‍ മുക്കിവച്ച റിപ്പോര്‍ട്ട് ഉന്നതങ്ങളില്‍ എത്തിയതും മുഖംരക്ഷിക്കാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതും.
അടുത്തിടെ തീവ്രവാദ ഗ്രൂപ്പുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിയെ പത്തനംതിട്ടയ്‌ക്ക് സ്ഥലം മാറ്റിയിരുന്നു, ഇയാള്‍ തീവ്രവാദികള്‍ക്ക് വേണ്ടി രഹസ്യാന്വേഷണ വിവരങ്ങള്‍പോലും പൂഴ്‌ത്തിവച്ചു എന്ന് കണ്ടെത്തിയത് തമിഴ്‌നാട് ക്യുബ്രാഞ്ചാണ്.
പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളായ പോലീസുകാര്‍ ചേര്‍ന്ന് പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഇല്ലാതാക്കിയെങ്കിലും നടപടികളുണ്ടായില്ല. ഇവര്‍ ഇപ്പോഴും പല ഗ്രൂപ്പുകളായി സജീവമാണ്. സംസ്ഥാന ഇന്റലിജന്‍സ് ശേഖരിച്ച വിവരങ്ങള്‍ ചോര്‍ത്തി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കിയ എസ്‌ഐയ്‌ക്കെതിരെയും ഒരുനടപടിയും ഉണ്ടായില്ല. ഇയാള്‍ക്ക് പോലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: