റാന്നി: കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റാന്നി പുതിയ പാലത്തിന്റെ തൂണുകളില്‍ ഒന്നില്‍ കുരുങ്ങിയ തടി നീക്കം ചെയ്തില്ല. പമ്പാനദിയില്‍ ഉപാസനകടവിനേയും പെരുമ്പുഴ കടവിനേയും തമ്മില്‍ ബന്ധിപ്പിച്ച് റാന്നി വലിയപാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഈ പാലത്തിന്റെ തൂണില്‍ തടഞ്ഞ തടിയാണ് അധികൃതരുടെ അനാസ്ഥയുടെ ഫലമായി തൂണില്‍ കുടുങ്ങിയ നിലയില്‍ തുടരുന്നത്.
കിഴക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും ഉണ്ടായതോടെ വന്മരങ്ങള് ഉള്‍പ്പെടെ കടപുഴകി പമ്പയിലൂടെ ഒഴുകിയെത്തിയിരുന്നു. ഇങ്ങനെ ഒഴുകിയെത്തിയ തടികള്‍ പുതിയതായി നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുവശത്തെ തൂണില്‍ കുരുങ്ങുകയായിരുന്നു.ഇങ്ങനെ ഒഴുകിയെത്തുന്ന തടി ഉള്‍പ്പെടെയുള്ളവ ഇടിച്ചു പുഴയിലെ കോസ്വേകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മുക്കം, കുരുമ്പന്‍മൂഴി, അറയാഞ്ഞിമണ് എന്നീ കോസ്വേകളുടെ കൈവരികളാണ് നശിച്ചിരിക്കുന്നത്. ഇതില്‍ മുക്കം കോസ്വേയുടെ സ്ലാബുകള്‍ ഉള്‍പ്പെടെ ഒലിച്ചു പോയിട്ട് രണ്ടുമാസമായിട്ടും നന്നാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: