ഉദുമ: ബിആര്‍ഡിസി തച്ചങ്ങാട് നിര്‍മ്മിച്ച സാംസ്കാരിക കേന്ദ്രം ആര്‍ക്കും ഉപകാരമില്ലാതെ കാട് കയറി. 2018 ല്‍ ഔദ്യോഗിഗമായി ഉദ്ഘാടനം ചെയ്തെങ്കിലും പൂട്ടിക്കിടക്കുന്നതോടെ സാംസ്കാരിക കേന്ദ്രം അനാഥമായി. 2018 ഏപ്രില്‍ 12ന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും യാതൊരു പ്രവര്‍ത്തനവും ഇവിടെ ഉണ്ടായിട്ടില്ല. വിവിധ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്പ്മെന്റ് കോര്പറേഷന് സാസ്കാരിക കേന്ദ്രം തച്ചങ്ങാട് നിര്‍മ്മിച്ചത്.
സാംസ്കാരിക സംഗമങ്ങള്‍ സംഘപ്പിക്കുക, ടൂറിസ്റ്റുകളായെത്തുന്ന വിദേശികള്‍ക്ക് നമ്മുടെ തനത് കലകളെ പരിചയപ്പെടുത്തുക, പൂരക്കളി, യക്ഷഗാനം തുടങ്ങിയ കലകളെ പഠിപ്പിക്കാനാവശ്യമായ സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം പണിതത്. 4 കോടി 43 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, ഓപ്പണ്‍ സ്റ്റേജ്, ഡിസ്പ്ലേ സ്റ്റാളുകള്‍, സാസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനാവശ്യമായ പശ്ചാത്തല സൗകര്യം എന്നിവ വിഭാവനം ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സാംസ്കാരിക കേന്ദ്രം സാമുഹ്യ വിരുദ്ധരുടെ താവളമായി മാറി. ബിആര്‍ഡിസി ആവിഷ്കരിച്ച പദ്ധതികള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്നും നേരത്തെ തന്നെ പരാതി ഉണ്ട്. ഇപ്പോള്‍ ഈ കെട്ടിടം ജില്ലക്കനുവദിക്കപ്പെട്ട മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തില്‍ കേരള മാരിടൈം ചെയര്മാന് വി.ജെ.മാത്യു, സിഇഒ എച്ച്.ദിനേശന്, പോര്‍ട്ട് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ പ്രദീപ്, ക്യാപ്റ്റന്‍ അശ്വന് പ്രതാപ് എന്നിവര്‍ കെട്ടിട സൗകര്യം പരിശോധിച്ചു. അനുയോജ്യമാണെന്ന് കണ്ടാല്‍ സാംസ്കാരിക സമുച്ചയം മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന് നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: