കൊല്ലം: കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ മോണിട്ടറിംഗ് കമ്മറ്റി. ആറാട്ടും, പള്ളിവേട്ടയും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കാണ് വിലക്ക്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും അതിനെ മറികടന്ന് ആന എഴുന്നള്ളത്ത് ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തിറക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാറാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇല്ലാത്ത ഉത്തരവാണ് കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്. ഇത് ക്ഷേത്ര ഭാരവാഹികളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.
തെക്കന്‍ ജില്ലകളിലെ ഉത്സവങ്ങളുടെ പ്രധാന ചടങ്ങാണ് പള്ളിവേട്ടയും ആറാട്ടും. ഈ ചടങ്ങിന് ദേവീ ദേവന്മാര് ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളുന്നു. ആനപ്പുറത്താണ് എല്ലാ ക്ഷേത്രങ്ങളിലും ആറാട്ട് പുറപ്പെടുന്നത്. നിലവില്‍ ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളിക്കരുതെന്നാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം ഞാറയ്ക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിന് ആനയെ അനുവദിച്ചിരുന്നില്ല. ഇവിടെ എഴുന്നള്ളത്ത് നടത്തേണ്ട കടവൂര്‍ ശിവരാജന് എന്ന ആനയ്ക്കാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിലക്കേര്‍പ്പെടുത്തിയത്. ആളുകൂടും എന്നകാരണത്താലാണ് ആനയെ ക്ഷേത്രവളപ്പിന് പുറത്തിറക്കാന്‍ അനുമതി നിഷേധിച്ചത്. പലപ്പോഴും ആനയെ ക്ഷേത്രത്തില്‍ എത്തിക്കുന്നത് നടത്തിച്ചാണ്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് ആറാട്ടിന് പുറത്തിറക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കാണുന്നത്. ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഹിന്ദു ആചാര അനുഷ്ഠാനങ്ങളില്‍ തടസം സൃഷ്ടിക്കാന്‍ കടന്നുകയറുന്നുവെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.
ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് പറയുന്നത്. ഇതു മാനിക്കാതെ കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍ ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. മറ്റു ജില്ലകളിലില്ലാത്ത ഉത്തരവ് ഇറക്കിയത് ആന ഉടമകളില്‍ നിന്നും പടി ലഭിക്കാത്തതിനാലാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷവും മറ്റ് ജില്ലകളില്‍ ഉത്സവങ്ങള്‍ക്ക് അനുമതി ലഭിച്ചെങ്കിലും കൊല്ലം ജില്ലയില്‍ അനുമതി നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥ ലോബിയുടെ ബോധപ്പൂര്‍വമായ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: