സെഞ്ചൂറിയന്‍: ഉപനായകനും ഓപ്പണറുമായ കെ.എല്‍. രാഹുല്‍ പൊരുതിക്കുറിച്ച സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 272 റണ്‍സ് എടുത്തു.
കെ.എല്‍. രാഹുല്‍ 122 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. നാല്‍പ്പത് റണ്‍സ് കുറിച്ച അജിങ്ക്യ രഹാനെയാണ് കൂട്ട്. രാഹുല്‍ 248 പന്തില്‍ 17 ഫോറും ഒരു സിക്സറും സഹിതമാണ് 122 റണ്‍സ് എടുത്തത്. രാഹുലിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അഭേദ്യമായ നാലാം വിക്കറ്റില്‍ രാഹുലും രഹാനെയും 73 റണ്‍സ് നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ഗംഭീര തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇവര്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മായങ്ക് അഗര്‍വാള്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ന്നത്. തുടര്‍ന്നെത്തിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര പൂജ്യത്തിന് മടങ്ങി. എന്‍ഗിഡിയുടെ പന്തില്‍ പീറ്റീഴ്സണിന് ക്യാച്ചുനല്‍കി. രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 117.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉപനായകന്‍ കെ.എല്‍. രാഹുലിനൊപ്പം പൊരുതിനിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും രാഹുലും 82 റണ്‍സ് നേടി. കോഹ്ലി പേസര്‍ എന്‍ഗിഡിയുടെ പന്തില്‍ മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കിയതോടെയാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ന്നത്. 94 പന്ത് നേരിട്ട കോഹ്ലി നാലു ഫോറുകളുടെ പിന്‍ബലത്തില്‍ 35 റണ്‍സ് എടുത്തു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്സ്: കെ.എല്‍. രാഹുല്‍ നോട്ടൗട്ട് 122 , മായങ്ക് അഗര്‍വാള്‍ എല്‍ബിഡബ്ല്യൂ ബി എന്‍ഗിഡി 60, ചേതേശന്ര് പൂജാര സി പീറ്റര്‍സണ്‍ ബി എന്‍ഗിഡി 0, വിരാട് കോഹ്ലി സി മുള്‍ഡര്‍ ബി എന്‍ഗിഡി 35 , അജിങ്ക്യ രഹാനെ നോട്ടൗട്ട് 40, എക്സ്ട്രാസ് 15 ആകെ മൂന്ന് വിക്കറ്റിന് 272.
പ്രതികരിക്കാൻ ഇവിടെ എഴുതുക: