കൊച്ചി : കിഴക്കമ്പലത്ത് ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളായിരുന്നെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെ കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കും പോലീസിനും പരിക്കേറ്റിരുന്നു. വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ചയുണ്ടായത് യാദൃശ്ചികമായ സംഭവമാണ്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്വൈസേഴ്സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പോലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പോലീസെത്തിയപ്പോള്‍ അവരേയും അക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരേയും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് സംഘര്‍ഷം മാറിയെന്നും സാബു ജേക്കബ് പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്ന് തോന്നുന്നില്ല. നാഗലാന്‍ഡ്, മണിപ്പൂര്‍ മേഖലയില്‍ നിന്ന് എത്തുന്നവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. തങ്ങളുടെ വര്‍ഷങ്ങളായുള്ള അനുഭവം അതാണ്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു സംഭവം ഉണ്ടായിട്ടുള്ളത്. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആകാം പലരും ഇത് ഉപയോഗിച്ചത്. ലഹരിക്കുപുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്. മന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു സംഭവമല്ല. അതാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ കിറ്റക്സ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന് കുറ്റപ്പെടുത്തി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും ശ്രീനിജന് അറിയിച്ചു.
എന്നാല്‍ പി.വി. ശ്രീനിജന് എംഎല്‍എ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അന്നുമുതല്‍ ഈ കമ്പനി പൂട്ടിക്കാന്‍ നടക്കുകയാണ്. അദ്ദേഹത്തിന് മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും സാബു ജേക്കബ് വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: