ശബരിമല: പുണ്യം നിറഞ്ഞ നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ഹരിഹരപുത്രന്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന്. മണ്ഡല പൂജ നാളെ നടക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ച തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നുച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും.
വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്ന് പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്രയെ അഞ്ചിന് ശരംകുത്തിയില്‍ ശ്രീകോവിലില്‍ നിന്ന് തന്ത്രി പൂജിച്ചു നല്കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ആചാരപ്രകാരം സ്വീകരിക്കും.
സന്നിധാനത്തേക്ക് ആനയിക്കുന്ന ഘോഷയാത്ര പതിനെട്ടാംപടിയില്‍ എത്തുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, അംഗങ്ങളായയ പി.എം.തങ്കപ്പന്, മനോജ് ചരളേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. നാളെ ഉച്ചക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.
മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ നട അടയ്ക്കും. വൈകിട്ട് നാലിന് ക്ഷേത്ര നട വീണ്ടും തുറന്ന് 6.30ന് ദീപാരാധന നടക്കും. തുടര്‍ന്ന് അത്താഴപൂജക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ കഠിന വ്രതാനുഷ്ഠാനത്തിന്റെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തിയാകും. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: