അര്ജുന് റാം മേഘ്വാള്
(കേന്ദ്ര സാംസ്കാരിക, പാര്‍ലമെന്ററികാര്യ സഹമന്ത്രി)
ഇന്ത്യയുടെ പൗരാണിക സംസ്കാരത്തിലും ധാര്‍മികതയിലും ഉള്‍ച്ചേര്‍ന്ന പൈതൃകമാണ് സദ്ഭരണം അഥവാ സുശാസന്‍. ബുദ്ധമതത്തിലെ ഗണസംഘ ആശയം, എഡി 11-ാം നൂറ്റാണ്ടില്‍ ബസവേശ്വരന് സ്ഥാപിച്ച അനുഭവമണ്ഡപ സമ്പ്രദായം, ചാണക്യന്റെ അര്‍ഥശാസ്ത്രം, സിന്ധുനദീതട സംസ്കാര കാലത്തെ നാഗരികആസൂത്രണം, മൗര്യ ചക്രവര്‍ത്തി അശോകന്റെ പൈതൃകം, മറ്റു മെച്ചപ്പെട്ട പൗരാണികഭരണ സമ്പ്രദായങ്ങള്‍ എന്നിവയില്‍ നിന്നാണ് ജനാധിപത്യമൂല്യങ്ങളുടെ ആവിര്‍ഭാവം. അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന സദ്ഭരണദിനത്തില്‍, സ്വതന്ത്ര ഇന്ത്യയില്‍ മികച്ച ഭരണമാതൃകകള്‍ സ്ഥാപനവത്കരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിലേക്ക് വെളിച്ചം വീശുകയും അവ സാര്‍ഥകമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്വാതന്ത്ര്യാനന്തരം, ഭരണപരിഷ്കാരങ്ങളുടെ കേന്ദ്രബിന്ദുവായി വ്യവഹാരങ്ങളില്‍ മാത്രമാണ് സദ്ഭരണം നിലനിന്നത്. ഭരണഘടനാനിര്‍മാണസഭയുടെ ചര്‍ച്ചകളിലൂടെയും ആസൂത്രണകമ്മീഷന് പോലുള്ള സ്ഥാപനങ്ങളിലൂടെയും കൃത്യമായി രൂപപ്പെടുത്തിയ നയങ്ങള്‍, മോശം നിര്‍വഹണം മൂലം കടലാസില്‍ തന്നെ തുടര്‍ന്നു. അടല്‍ജിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാഷ്ട്രതന്ത്രജ്ഞതയും ബഹുജനങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം ചൊരിയുന്ന ചരിത്രപരമായ സദ്ഭരണ ഉദ്യമങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കാനിടയാക്കി.
പത്തുതവണ ലോക്സഭാ അംഗമായും രണ്ടുതവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ച അടല്‍ജിയുടെ, പാര്ലമെന്റേറിയന് എന്ന നിലയിലുള്ള ദീര്‍ഘകാല പരിചയസമ്പത്ത്, സദ്ഭരണത്തിന്റെ സൂക്ഷ്മതകളിലേക്ക് വെളിച്ചം വീശാന്‍ ഉപകരിക്കുന്നവയായിരുന്നു. ഒരു പ്രതിപക്ഷഅംഗമെന്ന നിലയില്‍, അദ്ദേഹത്തിന്റെ യുക്തിസഹമായ വാദങ്ങളും ക്രിയാത്മകവിമര്‍ശനങ്ങളും ഒരു ക്ഷേമകേന്ദ്രീകൃത ഭരണസംവിധാനത്തിന് കളമൊരുക്കാന്‍ പ്രാധാന്യം നല്കുന്നവയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ജനകേന്ദ്രീകൃത സംരംഭങ്ങള്‍ ഇന്ത്യയുടെ പരിവര്‍ത്തനയാത്രയിലെ നാഴികക്കല്ലുകളായി ഉയര്‍ന്നു വന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രധാനമന്ത്രി ഗ്രാം സഡക് യോജന, സുവര്‍ണ ചതുഷ്കോണ പദ്ധതിയിലൂടെയുള്ള അടിസ്ഥാനസൗകര്യ വികസനം, നദീസംയോജനത്തിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെയും ആശയങ്ങള്‍, സര്‍വശിക്ഷാ അഭിയാന് മുഖേനയുള്ള വിദ്യാഭ്യാസപരിഷ്കരണങ്ങള്‍, പ്രത്യേക ഗോത്രകാര്യ മന്ത്രാലയം രൂപീകരിക്കല്‍ എന്നിവ സമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും സ്പര്‍ശിച്ച നടപടികളാണ്. അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളോടെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററികമ്മീഷന്‍ രൂപീകരിക്കുകയും ഊര്‍ജമേഖലയിലെ നിയന്ത്രണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പഴയ വൈദ്യുതിനിയമം ഭേദഗതി ചെയ്യുകയും ഉണ്ടായി.
1998 മെയ് മാസത്തില്‍, രാജസ്ഥാനിലെ പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷണങ്ങള്‍, അദ്ദേഹത്തിന്റെ ദേശീയ അജണ്ടയുടെ ഭാഗമായിരുന്നു. നടപടി ഇന്ത്യയെ ആണവായുധ രാഷ്ട്രമാക്കി ഉയര്‍ത്തി. സങ്കീര്‍ണമായ കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രശസ്തമായ വാജ്പേയി സിദ്ധാന്തം, കശ്മീരി ജനതയുടെ സ്വത്വത്തിനും സമാധാനത്തിനും വിശുദ്ധിക്കും വേണ്ടിയുള്ള ‘ഇന്സനിയത്ത്, ജംഹുരിയത്ത്, കശ്മീരിയത്ത്’ എന്ന സാമൂഹികജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ‘നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല’ എന്ന വിദേശനയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ദാര്ശനികസ്വാഭാവമുള്ള പ്രയോഗം രാജ്യാന്തര ഇടപഴകലിനുള്ള മാര്‍ഗദര്‍ശനമായി നിലകൊള്ളുന്നു. രാഷ്ട്രസേവനത്തില്‍ പരമോന്നതത്യാഗം അനുഷ്ഠിച്ച സൈനികരെ ആദരിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഉറപ്പാക്കാന്‍ വീരബലിദാനികളായ സൈനികരുടെ ഭൗതികശരീരങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ അടല്‍ജിയുടെ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2000-ല്‍ മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ വിഭജിച്ച് യഥാക്രമം ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ മൂന്നുപുതിയ സംസ്ഥാനങ്ങള്‍ സമാധാനത്തിന് ഭംഗം വരാതെ രൂപീകരിച്ചതില്‍ പ്രതിഫലിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികതയും സമവായവും ആയിരുന്നു. സര്‍ക്കാരുകളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ട് സദ്ഭരണം സ്ഥാപിക്കാനുള്ള സുചിന്തിതമായ നീക്കമായിരുന്നു അത്.
ഡോ. ബി.ആര്. അംബേദ്കറുടെ ചിന്തകളും രാഷ്ട്രനിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ പങ്കും ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും വാജ്പേയിയെ ആഴത്തില്‍ സ്വാധീനിച്ചു. അടല്‍ ബിഹാരി വാജ്പേയിയുടെയും ലാല്‍കൃഷ്ണ അദ്വാനിയുടെയും നിര്‍ബന്ധപ്രകാരമാണ് ബിജെപി പിന്തുണയോടെ അധികാരത്തില്‍ വന്ന വി.പി. സിംഗ് സര്‍ക്കാര്‍ 1990 മാര്‍ച്ച് 31ന് ഡോ. ഭീംറാവു അംബേദ്കറിന് ഭാരതരത്നം നല്കി ആദരിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചശേഷം (1951), രാജസ്ഥാനിലെ സിരോഹി മഹാരാജാവിന്റെ ക്ഷണപ്രകാരം, ഡോ. അംബേദ്കര്‍ താമസിച്ച ദല്‍ഹിയിലെ 26 അലിപൂര്‍ റോഡിലെ പുണ്യസ്ഥലം വികസിപ്പിക്കാന്‍ എ.ബി. വാജ്പേയി ആഗ്രഹിച്ചു. സാമൂഹികസമത്വത്തിനായി ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു മ്യൂസിയമായി ഇത് പരിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. ഡോ. അംബേദ്കര്‍ അന്ത്യശ്വാസം വലിച്ചത് ഇവിടെ വച്ചാണ്. 2003 ഒക്ടോബര്‍ 14ന് നഗരവികസനമന്ത്രാലയം ഈ സ്വകാര്യ സ്വത്തിന്റെ കൈമാറ്റ രേഖയില്‍ ഒപ്പുവച്ചു. വാജ്പേയിയുടെ മേല്‍നോട്ടത്തില്‍ 2003 ഡിസംബറില്‍ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പിന്നീടുവന്ന യുപിഎ ഭരണകാലത്ത് ഈ പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. 100 കോടി രൂപ ചെലവില്‍ മോദി സര്‍ക്കാര്‍ ഇത് ഡോ. അംബേദ്കര്‍ ദേശീയ സ്മാരകമായി വികസിപ്പിക്കുകയും 2018 ഏപ്രില്‍ 13ന് രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അടല്‍ ബിഹാരി വാജ്പേയി സദ്ഭരണത്തിന്റെ പാതയില്‍ മുന്നോട്ട്നടന്നു. ഇപ്പോള്‍ ആ ബാറ്റണ്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നടപടികളുടെ വേഗവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചുകൊണ്ട് തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും നവ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലെ ആഗോള നേതാവാക്കി മാറ്റുന്നതിനുമായി പ്രയത്നിക്കുന്നു. ഡിബിടി. ജെഎഎം ത്രിത്വം ഫെയ്സ്ലെസ് നികുതി ഇടപാട് തുടങ്ങിയ സാങ്കേതിക ഇടപെടലുകള്‍ വിവേചനാധികാരം കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ഇത് ഭരണ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കാര്‍ഷിക അനുബന്ധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പരിധി വര്‍ധിപ്പിച്ചിരിക്കുന്നു. ഭാരത്മാല, സാഗര്‍മാല, ദേശീയ ആസ്തി പണമാക്കല്‍ പദ്ധതി, കാര്‍ഷിക അടിസ്ഥാനസൗകര്യ ഫണ്ട്, പിഎംജി എസ്വൈ ഘട്ടം- 3ന്റെ വിപുലീകരണം എന്നിവയിലൂടെ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് വലിയ ഉത്തേജനം കൈവന്നിരിക്കുന്നു.
ജെ & കെ-യുടെ പ്രത്യേക പദവി, അതായത്, ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കല്‍, ജമ്മുകശ്മീരില്‍ ഫലപ്രദവും കാര്യക്ഷമവുമായ സേവനവിതരണ സംവിധാനത്തിന് പുതിയ മാനം നല്കി. ഇപ്പോള്‍ എല്ലാ വിഭാഗത്തിലെയും ജനങ്ങളെ മുഖ്യധാരാ വികസന അജണ്ടയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. അടല്‍ ഭുജല്‍ യോജന സുസ്ഥിര ഭൂഗര്‍ഭജല പരിപാലനത്തിന് ഉള്ളതാണ്. അടുത്തിടെ, അടല്‍ജിയുടെ വീക്ഷണം സാക്ഷാത്കരിക്കുന്നതിനായി, ഡിസംബര്‍ 8ന് കേന്ദ്രമന്ത്രിസഭ കെന്‍-ബെത്വ സംയോജിത പദ്ധതിക്ക് അംഗീകാരം നല്കി. ജലം ധാരാളമുള്ള പ്രദേശങ്ങളില്‍ നിന്ന് വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്കും ജലക്ഷാമമുള്ള പ്രദേശങ്ങളിലേക്കും എത്തിക്കുന്ന ആദ്യത്തെ കേന്ദ്ര-ആവിഷ്കൃത പദ്ധതിയായി ഇത് മാറി.
‘മിനിമം ഗവണ്മെന്റ് & മാക്സിമം ഗവേണന്‍സ്’ എന്ന മന്ത്രം പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നു. പിഎം ഗതിശക്തി, പ്രഗതി, മിഷന് കര്‍മയോഗി വഴിയുള്ള ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനം സാധ്യമാക്കുകയും ഭരണനിര്‍വഹണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയത് വഴി വ്യക്തികള്‍, സംരംഭകര്‍ എന്നിവര്‍ക്ക് മികച്ച സേവനവിതരണം ഉറപ്പാക്കുന്നു. ജിഎസ്ടി, തൊഴില്‍ നിയമങ്ങള്‍, പാപ്പരത്ത കോഡ്, പുതിയ വിദ്യാഭ്യാസനയം, മുദ്ര, പിഎം ആവാസ് പദ്ധതികള്‍, പിഎം കിസാന്‍, നേരിട്ട് കാണാതെയുള്ള നികുതി തര്‍ക്കങ്ങളുടെ വേഗത്തിലുള്ള പരിഹാരം എന്നിവ സദ്ഭരണത്തിന്റെ സുതാര്യതയും പ്രതികരണശേഷിയും മറ്റ് മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്ന നിരവധി വശങ്ങളാണ്. വ്യാപാര സൗഹൃദ റാങ്കിംഗില്‍ 79 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഇന്ത്യ 2015-ലെ 145-ല്‍ നിന്ന് 2020-ല്‍ 63-ല്‍ എത്തി. അതുപോലെ, ആഗോള നൂതനാശയ സൂചിക റാങ്കിംഗ് 81-ല്‍ (2015) നിന്ന് 46-ാം റാങ്കിലേക്ക് (2021) ഉയര്‍ന്നു.
ശാസ്ത്രീയ-സാങ്കേതിക വികാസമുണ്ടാകുമ്പോള്‍ സമൂഹങ്ങളും വികസിക്കുന്നു. അതുപോലെ, എല്ലാ പങ്കാളികളുടെയും ഉന്നമനത്തിനായി ഭരണപരിഷ്കാരങ്ങളില്‍ സമത്വം ഉള്‍ക്കൊള്ളേണ്ടത് ആവശ്യമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പിലാക്കിയ നടപടികള്‍ ശ്രദ്ധേയവും ചരിത്രപരമായ നിരവധി നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുള്ളതുമാണ്. നന്നാകാന്‍ ഇനിയും അവസരമുണ്ട് എന്ന പഴഞ്ചൊല്ല് പോലെ മെച്ചപ്പെടുത്തലിന് എപ്പോഴും ഇടമുണ്ട്; സുപ്രധാനമായ പല പരിഷ്കാരങ്ങളും പുരോഗതിയിലാണ്. ഒരേസമയം തിരഞ്ഞെടുപ്പ്, ഏക വോട്ടര്‍പട്ടിക, അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് എന്ന രീതിയില്‍ ജുഡീഷ്യല്‍ പരിഷ്കരണം എന്നിവ രാജ്യത്തിന്റെ ഏറ്റവും മികച്ച താല്പര്യത്തിനായി പല വേദികളിലും പ്രധാനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. പരിഷ്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഉന്നത ഫെഡറല്‍, രാഷ്ട്രീയ തലങ്ങളില്‍ ഉചിതമായ കൂടിയാലോചനകള്‍ നടക്കുന്നു.
സുസ്ഥിരമായ ഭരണഘടനാ ചട്ടക്കൂടിലൂടെ, ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി, ജനങ്ങളെ സേവിക്കുന്നതിനുള്ള ഉപാധിയാണ് സദ്ഭരണം. അടല്‍ജിയുടെ ദര്‍ശനം, നേതൃത്വമികവ്, മാര്‍ഗനിര്‍ദേശം, അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ എന്നിവ വര്‍ത്തമാന തലമുറയ്ക്കും ഭാവി തലമുറയ്ക്കും എന്നും പ്രചോദനമായി നിലനില്ക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രം സദ്ഭരണ ദിനത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ‘എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം’ എന്നതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: