മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പച്ചക്കൊടി. എന്നാല്‍, ഇതിനാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണം. റണ്‍വേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ പ്രതലമായി കണക്കാക്കുന്ന റിസയുടെ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നാണ് നിര്‍ദേശം.
ഇരുഭാഗങ്ങളിലും 240 മീറ്റര്‍ റിസ വേണമെന്നും അത് ചതുപ്പു നിലമായിത്തന്നെ രൂപപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിമാനാപകട അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കരിപ്പൂരിലെ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ നിയോഗിച്ച സമിതിയും ഡിജിസിഎയും റിസ നീളം കൂട്ടണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2860 മീറ്റര്‍ ആണ് റണ്‍വേ. അത് കഴിഞ്ഞ് 90 മീറ്റര്‍ ആണ് റിസയുള്ളത്. 240 മീറ്റര്‍ വേണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നപ്പോള്‍ റണ്‍വേയില്‍നിന്ന് 150 മീറ്റര്‍ സ്ഥലം റിസയുടെ പരിധിയിലേക്കു മാറ്റിയിരുന്നു. അങ്ങനെ പോരെന്നും ചതുപ്പുനിലമാക്കണമെന്നുമാണ് പുതിയ നിര്‍ദേശം. റണ്‍വേയുടെ തുടക്കത്തിലും ഒടുക്കത്തിലും 150 മീറ്റര്‍ വീതം എടുത്ത് റിസയുടെ ആവശ്യത്തിനായി പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
അതോടെ രണ്ടറ്റത്തും 90 മീറ്റര്‍ റിസ 240 മീറ്റര്‍ വീതമാകും. റണ്‍വേ 2560 മീറ്ററായി ചുരുങ്ങും. ഈ റണ്‍വേയില്‍ ഏതുതരം വിമാനങ്ങള്‍ സര്‍വീസ് നടത്താനാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികളുടെ നിലപാടും രാജ്യാന്തര വ്യോമയാന ചട്ടങ്ങളും നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: