ന്യൂദല്‍ഹി: മാര്‍ക്കുകള്‍ വാരിക്കോരി കൊടുത്ത് ഡിഗ്രി പ്രവേശനം അട്ടിമറിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ക്കെതിരെ ദല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ണ്ണായക നടപടി. ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളിലെ അഡ്മിഷന് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ പ്രഖ്യാപിച്ചു. സര്‍വ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനമാണിതെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(സിയുസിഇടി)യില്‍ നിന്നോ അല്ലെങ്കില്‍ ദല്‍ഹി സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(ഡിയുസിഇടി) വഴിയോ പ്രവേശനം നടത്താനാണ് തീരുമാനം.
മാര്‍ക്ക് ദാനം വഴി 100 ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലെ ഏറ്റവും മികച്ച കോളജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ അടക്കം സമാന മാതൃകയില്‍ പ്രവേശന പരീക്ഷകള്‍ നിലവിലുണ്ട്. ഡിയുവിലെ അധ്യാപക സംഘടനകളും പ്രവേശന പരീക്ഷയ്‌ക്ക് അനുകൂല നിലപാടെടുത്തിരുന്നു.
ഇത്തവണ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് കേരളത്തില്‍ നിന്നാണ്. 1,890 കുട്ടികളാണ് വിവിധ കോളജുകളില്‍ പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 98.4 ശതമാനമാണ്. അതായത് ദല്‍ഹിയിലെ പ്രധാന കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഒരു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന സ്ഥിതി വിശേഷം സംജാതമായി. ഹിന്ദു കോളജ്, മിറാണ്ട ഹൗസ്, സാക്കില്‍ ഹുസൈന്‍ കോളജ്, രാംജാസ് കോളജ്, ഹന്‍സ് രാജ് കോളജ് എന്നിവിടങ്ങളിലെ മിക്ക ബിരുദ വിഷയങ്ങള്‍ക്കും ബഹുഭൂരിപക്ഷം സീറ്റുകളും മലയാളി വിദ്യാര്‍ഥികളാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും പരാതിയുമാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: