വടകര: തീപ്പിടത്തില്‍ ചാമ്പലായ വടകര താലൂക്ക് ഓഫീസിലെ റെക്കോഡ് റൂമില്‍ നിന്നും ലഭിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളും മുദ്രകളും. 1800 മുതല്‍ പഴക്കമുള്ള റവന്യു രേഖകളാണ് തീ ഏല്‍ക്കാത്ത നിലയില്‍ ലഭിച്ചത്. ഭൂമിയുടെ അടിസ്ഥാന രേഖകളായ സെറ്റില്‍മെന്റ് രജിസ്റ്ററുകളും ഇവയില്‍ ഉള്‍പ്പെടും. 1903ലെ രജിസ്റ്ററുകളാണ് ലഭ്യമായവ. ആദ്യ സര്‍വേ നടത്തിയശേഷമുള്ള അടിസ്ഥാനരേഖയാണിവ. പിന്നീട് റീസര്വേകള് നടന്നിട്ടുണ്ടെങ്കിലും ഏറ്റവും ആദ്യത്തെ രേഖയെന്ന നിലയില്‍ ഏറെ സുപ്രധാനമാണിവ. പുറമ്പോക്ക് ഭൂമി സംബന്ധമായ കൃത്യമായ വിവരം ഇതില്‍നിന്ന് ലഭിച്ചേക്കും. പഴയ കുറുമ്പ്രനാട് താലൂക്കിലെ രേഖകളാണിത്. അതുകൊണ്ടുതന്നെ വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിവരങ്ങള്‍ ഇതിലുണ്ടാകും. ഏതൊക്കെ വില്ലേജിലെ വിവരങ്ങള്‍ ഉണ്ടെന്നതും വ്യക്തമായിട്ടില്ല.
കത്തിനശിക്കാത്ത ഫയലുകള്‍ ഉള്‍പ്പെടെ തരംതിരിച്ചുള്ള പരിശോധന തുടരുകയാണ്. കേരളത്തിലെ വിശാലമായ റെക്കോഡ് റൂം വടകരയിലേതാണെന്ന് പറയപ്പെടുന്നു. ഇതിനിടെ തീ പിടിത്തത്തില്‍ നഷ്ടമായ ഭൂസംബന്ധമായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍വേ വിഭാഗത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്എംബി, അടങ്കല്‍, ബിടിആര്‍ തുടങ്ങിയ രേഖകളാണ് ലഭ്യമാക്കേണ്ടത്.
പഴയ കുറുമ്പ്രനാട് താലൂക്കിലെ റവന്യു രേഖകള്‍, മദ്രാസ് ഗവണ്മെന്റിന്റെ കാലത്തുണ്ടായ സീലുകള്‍, മുദ്രകള്‍, നാദാപുരം കോടതിയുമായി ബന്ധപ്പെട്ട രേഖകള്‍, ഇന്ന് റവന്യുവകുപ്പുമായി ബന്ധമില്ലാത്ത വിവാഹ രജിസ്ട്രേഷന്, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വസൂരി വാക്സിന് രജിസ്റ്റര്‍ തുടങ്ങിയ രേഖകളും മൂന്ന് വാളുകളും നശിക്കാതെ ലഭിച്ചവയിലുണ്ട്. സ്ഥലം വിട്ടുനല്‍കിയത് കടത്തനാട് രാജാവ് ആയതിനാല്‍ ഇത് രാജകുടുംബവുമായി ബന്ധമുള്ളതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ലഭിച്ച ചരിത്ര രേഖകള്‍ പുതിയ ഓഫീസ് ഒരുങ്ങുമ്പോള്‍ അതിന് അനുബന്ധമായി ഒരുക്കുന്ന മ്യൂസിയത്തില്‍ സംരക്ഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: