തൊടുപുഴ: താലൂക്കിലെ അനധികൃത പാറ, മണ്ണ് കടത്തലിനെതിരെ നടപടിയെടുത്ത് റവന്യൂ വകുപ്പ്. ജെസിബിയും മൂന്ന് ടിപ്പറുകളും പ്രത്യേക സംഘം പിടിച്ചെടുത്തു. തൊടുപുഴ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു പരിശോധന. അനധികൃത മണ്ണെടുപ്പിലും കരിങ്കല്‍ കടത്തിലും ഏര്‍പ്പെട്ടിരുന്ന വാഹനങ്ങളാണ് പ്രത്യേക സംഘം പിടിച്ചെടുത്തത്.
കോലാനിയില്‍ അനധികൃതമായി മണ്ണെടുത്ത ജെസിബിയും ടിപ്പറും കുമാരമംഗലത്ത് അനധിതകൃതമായി കരിങ്കല്ല് കയറ്റി വന്ന ടോറസും ടിപ്പറും റവന്യൂ പ്രത്യേക സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായ പാറ, മണ്ണ് കടത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ തഹസീല്‍ദാര്‍ ജോസുകുട്ടി കെ.എം. അറിയിച്ചു.
തഹസില്‍ദാര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍, റോയി സെബാസ്റ്റ്യന്‍, രഞ്ജിത്ത് ആര്, ജയചന്ദ്രന്, അജിത്ത് ശങ്കര്‍, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ മേഖല കേന്ദ്രീകരിച്ച് വ്യാപകമായി മണ്ണെടുപ്പും വയല്‍ നികത്തലും പാറ ഖനനവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: