തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 നു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടക സമ്മേളനം 31ന് രാവിലെ 9.30ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിലായി കേന്ദ്രമന്ത്രിമാരായ പി.അശ്വിനി വൈഷ്ണവ്, ജി.കിഷന് റെഡ്ഡി, രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന് എന്നിവര്‍ ശിവഗിരിയിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ അശ്വത് നാരായണന്, കനിമൊഴി എം.പി, എം.എ.യൂസഫലി, കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ്, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടു വിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്നങ്ങളെ ഉള്‍ക്കൊണ്ടും 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി പ്രമാണിച്ചു പ്രത്യേകമായി പ്രത്യേക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ശിവഗിരിയിലെ സംന്യാസിവര്യന്മാരും ഗുരുവിന്റെ ശിഷ്യപരമ്പരയിലെ ഇതരമഠങ്ങളിലുള്ള മഹത്തുക്കളും ഈ വിശേഷാല്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ 30 നു പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം നടക്കും. ഏഴരയ്ക്ക് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം ചെയ്യും. 31 നു പുലര്‍ച്ചെ 5 ന് തീര്‍ത്ഥാടന ഘോഷയാത്ര നടക്കും. അലങ്കരിച്ച ഗുരുദേവറിക്ഷ ഭക്തജനങ്ങളുടെ അകമ്പടിയോടെ ശിവഗിരിപ്രാന്തം, മൈതാനം, റെയില്വേസ്റ്റേഷന് വഴി മടങ്ങി മഹാസമാധിപീഠത്തില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: