പരിസ്ഥിതി സംരക്ഷണ നിലപാടില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ സ്വന്തം തട്ടകം തന്നെ മാറ്റേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് പി.ടി. തോമസ്. 2013-14 കാലഘട്ടത്തിലാണ് മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ മലയോര ജില്ലയായ ഇടുക്കിയില്‍ കത്തുന്ന വിഷയമായി ഉയര്‍ന്നുവന്നത്. കത്തോലിക്കാ സഭയുടെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ഉള്‍പ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു.
വിഷയം ആഴത്തില്‍ പഠിച്ച, അന്നത്തെ ഇടുക്കി എംപിയായിരുന്ന പി.ടി. തോമസ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമല്ലെന്ന നിലപാടെടുത്തു. ഇതോടെ കത്തോലിക്കാ സഭയും ഗാഡ്ഗില്‍ വിരുദ്ധരും തോമസിനെതിരേ രംഗത്തു വന്നു. മുന്‍ ഇടുക്കി ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പി.ടി. തോമസിനെതിരേ പരസ്യമായിത്തന്നെ ആഞ്ഞടിച്ചു. ഇതേ നിലപാട് തുടര്‍ന്നാല്‍ കേരളം കശ്മീരായി മാറുമെന്നായിരുന്നു ബിഷപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ യഥാര്‍ത്ഥ വൈദികര്‍ തന്നെ വിശ്വാസി മരിച്ചാലെന്നപോലെ ഒപ്പീസ് ചൊല്ലിയാണ് പി.ടി തോമസിന് അന്ത്യയാത്ര നടത്തിയത്. കട്ടപ്പനയിലും ഇരട്ടയാറിലും പ്രതീകാത്മക മരണം, പോത്തിനെ വെട്ടിയും പ്രതിഷേധക്കാര്‍ ആഘോഷിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞപ്പോഴും തോമസ് നിലപാട് മാറ്റിയില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതോടെ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ സിറ്റിങ് സീറ്റും നഷ്ടമായി. ജില്ലയിലെ പ്രമുഖ മത വിഭാഗത്തിന്റെ അപ്രീതിക്കു പാത്രമായതോടെ തോല്‍വി ഭയന്ന് യുഡിഎഫ് പി.ടി.ക്ക് സീറ്റ് നിഷേധിച്ചു. നിലവിലെ എംപി ഡീന്‍ കുര്യാക്കോസിന് സീറ്റ് നല്‍കിയെങ്കിലും തോറ്റു. യുഡിഎഫിന്റെ കുത്തക സീറ്റില്‍ അന്ന് ഇടത് പിന്തുണയുള്ള സ്വതന്ത്രന് ജോയ്സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ജയിച്ചു.
പരിസ്ഥിതി സംരക്ഷണത്തില്‍ മരണം വരെയും വിട്ടു വീഴ്ചയ്ക്ക് പി.ടി. തോമസ് തയ്യാറായില്ല. ഇത് തന്നെയായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതും. ഏത് വിഷയത്തിലും സ്വന്തം മനഃസാക്ഷി പറയുന്നത് മാത്രമായിരുന്നു അദ്ദേഹം മുഖവിലയ്ക്കെടുത്തത്. എന്ത് വികസനമായാലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. നമ്മള് ജീവിക്കുന്ന മണ്ണിനോട് കഴിയുന്നത്ര നന്ദി കാട്ടണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും സിപിഎമ്മും തള്ളിപ്പറഞ്ഞപ്പോഴും അദ്ദേഹം വ്യതിചലിച്ചില്ല. പിന്നീട് ഈ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. 2018 മുതല്‍ പലവിധ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചാകാം, ചിലര്‍ അന്തസ്സും വ്യക്തിത്വവും കളഞ്ഞ് മതമേധാവികള്‍ക്ക് മുന്നില്‍ കുമ്പിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. 2014 ല്‍ പാര്‍ട്ടി മാറ്റി നിര്‍ത്തിയതോടെ പൊതുപരിപാടികളില്‍ നിന്ന് മാറി വീട്ടില്‍ ഒതുങ്ങിക്കൂടി. എന്നാല്‍ താന്‍ ശീലിച്ചുവന്ന രാഷ്ട്രീയം വിടാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമാകുകയും പാര്‍ട്ടി നിശ്ചയിച്ച തൃക്കാക്കര മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തു. തന്റെ നിലപാടുകളുടെ വിജയമായാണ് അദ്ദേഹം പിന്നീട് ഇതിനെ വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: