ചെന്നൈ: തിങ്കളാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒരുകേസില്‍ ഓണ്‍ലൈനില്‍ വാദം കേള്‍ക്കുന്നതിനിടെ അനുചിതമായരീതിയില് പെരുമാറിയതിന് അഭിഭാഷകന് വിലക്കേര്‍പ്പെടുത്തി ബാര്‍ കൗണ്‍സില്‍. ഒരു യുവതിക്കൊപ്പം അടുത്തിടപഴകുന്നരീതിയിലാണ് അഭിഭാഷകന് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തു.
മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ ആര്.ഡി. സന്താനകൃഷ്ണനെയാണ് കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അച്ചടക്കനടപടിയില്‍ തീര്‍പ്പാകുന്നതുവരെ ഇന്ത്യയിലെ കോടതികളിലും ട്രിബ്യൂണലുകളിലും അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് ആന്‍ഡ് പുതുച്ചേരി ബാര്‍ കൗണ്‍സിലാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സി.ബി-സി.ഐ.ഡി.യോടാണ് സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനുപുറമേയാണ് അഭിഭാഷകനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലിനും നിര്‍ദേശം നല്‍കിയത്.
അഭിഭാഷകനെതിരേ കേസെടുക്കാന്‍ ജഡ്ജിമാരായ പി.എന്‍. പ്രകാശ്, ആര്. ഹേമലതയും നിര്‍ദേശം നല്‍കിയിരുന്നു. കോടതി നടപടികള്‍ക്കിടെ പരസ്യമായി ഇത്തരം അസഭ്യപ്രദര്ശനം നടക്കുമ്പോള്‍ കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കോടതി നടപടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: