കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് പാറമട ഉടമ ജെസിബി ഉപയോഗിച്ച് കുഴിച്ച് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളക്കേസെടുത്ത് പോലീസ്. മഹാകാളിപാറ സംരക്ഷണ സമിതി പ്രവര്‍ത്തകരായ എ.ആര്. രാജു അമ്പിയില്‍, സുരേഷ് തൈപ്പറമ്പില്‍ എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ജന്മഭൂമി ഏജന്റുകൂടിയാണ് എ.ആര്. രാജു.
പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊടുംകുറ്റവാളികളെ പിടികൂടുന്നതുപോലെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തമ്പലക്കാട്ട് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തമ്പലക്കാട് മറ്റത്തിപ്പാറ-അമ്പിയില്‍-എറികാട് റോഡിലെ കാട് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ വെട്ടിത്തെളിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി പാറമട ഉടമ ജെസിബി ഉപയോഗിച്ച് റോഡില്‍ വലിയ കുഴികള്‍ തീര്‍ത്ത് നാശം വരുത്തി. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പാറമട ഉടമ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം പോലും നടത്താതെ പാറമട ഉടമ എഴുതി നല്കിയ പേര് വച്ചാണ് പോലീസ് കേസെടുത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആസ്തി രജിസ്റ്ററിലുള്ള റോഡ് പാറമട ഉടമയ്ക്ക വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം നടത്തി. രാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. ഒരു പ്രവര്ത്തകന് പരിക്കേറ്റു. പാറമട ഉടമയെ സഹായിക്കുന്ന പോലീസ് നടപടിയിലും നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ച് ഉച്ചയോടെ തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് പോലീസുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: