ചെന്നൈ: നടന്മാരായ മമ്മൂട്ടിയുടെയും മകന് ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്റേതാണ് ഉത്തരവ്. നിലവിലെ ഉത്തരവ് റദ്ദാക്കിയെങ്കിലും മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചെങ്കല്‍പ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കര്‍ സ്ഥലമാണ് മമ്മൂട്ടിക്കും ദുല്‍ഖറിനുമുള്ളത്. 1997ല്‍ കപാലി പിള്ള എന്നയാളില്‍നിന്നാണ് സ്ഥലം വാങ്ങിയത്. 2007ലാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരേ അതേവര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 2020 മേയ് മാസത്തില്‍ കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന് നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്കി. ചൊവ്വാഴ്ച വാദം കേട്ടപ്പോള്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.തുടര്‍ന്ന് ജസ്റ്റിസ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: