കൊല്ലം: സംസ്ഥാനത്ത് ദിനംപ്രതി ഗുണ്ടാ ആക്രമണങ്ങള്‍ പെരുകിയതോടെ ഗുണ്ടകളെ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി. എന്നാല്‍ ഗുണ്ടാ ലിസ്റ്റില്‍ ആശയകുഴപ്പത്തിലാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. 1990 മുതലുള്ളവരാണ് പോലീസിന്റെ പക്കലുള്ള ഗുണ്ടാ ലിസ്റ്റിലുള്ളത്.
ഇതിനോടകം മരണപ്പെട്ടവരുടെ വിവരങ്ങളും നല്ല നടപ്പില്‍ ഉള്ളവരെയും ഒഴിവാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പോലീസിനായിട്ടില്ല. നിലവില്‍ കേസുകളൊന്നും ഇല്ലാത്തവരും നല്ല നടപ്പില്‍ ജീവിക്കുന്നവര്‍ക്കും ഗുണ്ടാലിസ്റ്റ് നടപ്പിലാക്കുന്നതോടെ വീണ്ടും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലകളില്‍ ഉള്‍പ്പടെയുള്ളവര്‍ നിലവിലെ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുണ്ട്.
പുതിയ ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളരുമ്പോള്‍ കേസ് റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ പുതിയ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പുതുതായി കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടില്ല. ഒരു സ്റ്റേഷന് പരിധിയില്‍ ഗുരുതര സ്വഭാവമുള്ള രണ്ട് ക്രിമിനല്‍ കേസുകളിലെങ്കിലും പ്രതിയായവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം എന്നീ കേസുകളില്‍ ഒന്നിലധികം തവണ പ്രതികളായിട്ടുള്ളവരെ അതാത് പോലീസ് സ്റ്റേഷനുകളിലെ മേലാധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ പോലീസ് നിര്‍ദ്ദേശിക്കുന്ന ദിവസം അതാത് പോലീസ് സ്റ്റേഷനുകളിലെത്തി ഒപ്പിടണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിക്കുകയാണ് രീതി. സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലും വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: