കൊച്ചി: ആര്.ബാലകൃഷ്ണപിള്ള രൂപീകരിച്ച കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷയായി ബാലകൃഷ്ണപിള്ളയുടെ മകളും കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ സഹോദരിയുമായ ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.
പിള്ളയുടെ മരണ ശേഷം സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് കുമാര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്. പതിനാല് ജില്ലാ പ്രസിഡന്റുമാരില്‍ പത്ത് പേര് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
ഏകാധിപതിയെ പോലെയാണ് ഗണേശ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ മോഹന്‍ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിവുള്ള എംഎല്‍എയാണ് അദ്ദേഹമെന്നും എന്നാല്‍ ചെയ്യേണ്ട കടമകള്‍ ചെയ്യുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ജനകീയനാകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാകില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്.
കെ ബി ഗണേശ് കുമാര്‍ പാര്‍ട്ടിയുടെ എം എല്‍ എയായി തുടരുമെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് ബി വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം.കെ മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: