തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലുള്ള ചില വ്യാജ മൊബൈല്‍ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.
തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്. ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളില്‍ അടയ്ക്കേണ്ട ബില്‍ തുക, 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്. ബില്‍ പെയ്മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: