പാലക്കാട്: സംസ്ഥാന പോലീസ് ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉരുണ്ടുകളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി കുറ്റപ്പെടുത്തി. കൊലപാതകികളുടെ ചെയ്തികള്‍ക്ക് പോലീസ് മറപിടിക്കുകയാണ്. ഏകപക്ഷീയമായി മൂന്ന് സംഘപരിവാര്‍ നേതാക്കളാണ് ഒരുമാസത്തിനിടയില്‍ കൊല്ലപ്പെട്ടത്. പോലീസിന്റെ നിഷ്ക്രിയ സമീപനമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍. ഇരകള്‍ക്കും നീതിവേണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശ്നത്തെ മാറ്റിമറിക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു പ്രായോഗിക സമീപനം ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഭീകരതക്കെതിരെയുള്ള ആശയപ്രചരണമാണ് ആര്‍എസ്എസ് ലക്ഷ്യമാക്കുന്നത്. ഭീകരതക്ക് കേരളം കീഴടങ്ങില്ല എന്ന സന്ദേശവുമായുള്ള പ്രചാരണം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.
സഞ്ജിത്ത് കൊലപാതകത്തിലുള്‍പ്പെടെ പോലീസിന്റെ അലംഭാവമാണ് പ്രതികളെ പിടികൂടാത്തതിന് കാരണം. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: