സ്ത്രീശാക്തീകരണത്തിന് ഗുണകരം
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം കാലാനുസൃതമായ നല്ല തീരുമാനം. കുടുംബ ബന്ധങ്ങളെ സുദൃഢമാക്കാനും മക്കളുടെ സ്വഭാവരൂപീകരണത്തിനും ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതാണ് ഈ നടപടി. വിദ്യാസമ്പന്നരും പക്വമതികളുമായ സ്ത്രീകള്‍ക്ക് സ്വന്തം കാഴ്ചപ്പാടുകള്‍ കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആവിഷ്കരിക്കാന്‍ കഴിയും. ഇത് സമൂഹത്തിന് പുതുശക്തി നല്‍കും.
ഡോ. എം. ലക്ഷ്മികുമാരി
അഭിനന്ദനാര്‍ഹം
പക്വതയാര്‍ന്ന ഒരു കുടുംബജീവിതം വ്യക്തികള്‍ക്കും കുടുംബത്തിനും മാത്രമല്ല സമൂഹത്തിന്റെ നന്മയ്ക്കും അത്യന്താപേക്ഷിതമാണ്. അതിനു കുറഞ്ഞ വിവാഹപ്രായം 21 ആയി നിജപ്പെടുത്തിയത് അഭിനന്ദനാര്‍ഹം തന്നെ. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ഈ നിയമഭേദഗതി വളരെയധികം ഉതകുന്നതാണ്.
അഡ്വ. ലിഷ ജയനാരായണന്‍
(എഴുത്തുകാരി)
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അവസരമൊരുക്കും
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 വയസ്സാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണ്. 18 എന്നത് പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ പൂര്വ്വസ്ഥിതിയാണ്. കാഴ്ചപ്പാടുകളും ലോക പരിചയവും കുറവായിരിക്കം. ഇത് പിന്നീട് കുടുംബ ബന്ധം ശിഥിലമാക്കുന്ന നിലയിലേക്ക് എത്തിക്കും. എന്നാല്‍ 21 വയസ് ആകുമ്പോള്‍ അവര്‍ ഒരു പരിധി വരെ പക്വമതികളാകും. ഭാവി ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ക്ക് ഉണ്ടാകും.
ഡോ: ബി. ബീന (കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പാള്‍, ശാസ്താംകോട്ട)
സ്വന്തമായി ജോലി വേണം
വിവാഹ പ്രായം 21 ആക്കുന്നതിനോട് യോജിക്കുന്നു. 18 വയസ് എന്നാല്‍ പ്ലസ് ടു കഴിഞ്ഞ കാലം. പക്വത ഇല്ലാത്ത പ്രായം എന്നും പറയാം. ശരീരികമായും പൂര്‍ണമാറ്റം വരുന്ന കാലഘട്ടമാണിത്. ആരോഗ്യപരമായി നോക്കിയാല്‍ 21 വയസ് എന്നത് നല്ല പ്രായം ആണ്. ചിന്താഗതികളില്‍ മാറ്റം ഉള്ളവരാണ് ഇന്നത്തെ തലമുറ. സ്വന്തമായി ജോലി എന്ന ആശയമുള്ളവര്‍. നാളെ ഏതെങ്കിലും സാഹചര്യത്താല്‍ ഒറ്റപ്പെട്ടാല്‍ ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ പാകത്തിനുള്ള വിദ്യാഭ്യാസവും സ്വയംതൊഴിലും നേടിയെടുക്കാന്‍ ഈ പ്രായത്തിനുള്ളില്‍ സാധിക്കും.
അനില ബിജു, തൊടുപുഴ
(ബിഎസ്സി നഴ്സ്)
വിവാഹ പ്രായം 25 ആക്കണം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. 25 ആക്കുന്നതാണ് ഉത്തമം. പക്വത എത്താത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിലൂടെ സമൂഹത്തിന് ഒരു നേട്ടവുമില്ല. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി കൊടുക്കാന്‍ രക്ഷാകര്‍ത്താവിന് കഴിയുന്നതിലാണ് പെണ്‍കുട്ടികളുടെ വിജയം. പതിനേഴ് വയസ്സാവുമ്പോഴേക്കും വിവാഹം ഉറപ്പിച്ച് പതിനെട്ടില്‍ വിവാഹിതരാക്കുന്ന അവസ്ഥ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. പലര്‍ക്കും പ്ലസ്ടു കഴിഞ്ഞ് ഒരു വര്‍ഷമേ പഠിക്കാന്‍ കിട്ടുന്നുള്ളു. എപ്പോഴും സ്ത്രീകളുടെ വിവാഹപ്രായം കൂടിയിരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ സ്ത്രീക്കും പുരുഷനും ഒരേ വിവാഹപ്രായം ആക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിവാഹ പ്രായം ഉയര്‍ത്തുന്നതിനൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നതിക്കും സ്വയംബോധത്തിനുമെല്ലാം ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും വേണം.
സരോജിനിയമ്മ, തിരുവല്ല
(റിട്ട. അധ്യാപിക)
പെണ്‍കുട്ടികളുടെ ജീവിത നിലവാരം ഉയരും
ഇന്നത്തെ സാഹചര്യത്തില്‍ ബിരുദവും ജോലിയും ലഭിച്ച ശേഷമാകാം വിവാഹമെന്ന അഭിപ്രായക്കാരാപെണ്കുട്ടികള്ക്ക് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ആശ്വാസമാകുകയാണ്. പെണ്‍കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മികച്ച തീരുമാനമാണിത്.
വര്‍ദ്ധിച്ചുവരുന്ന ശിശുമരണം, അമ്മമാരിലും കുട്ടികളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് തുടങ്ങിയകാര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് സ്ത്രീകള്‍ സ്വാഭിമാനത്തോടെ ജീവിക്കാന്‍ സഹായകമാകുന്ന തീരുമാനം തന്നെ. രാഷ്ട്രീയ അന്ധത ബാധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഏതൊരു തീരുമാനത്തേയും എതിര്‍ക്കണമെന്ന ലക്ഷ്യം മാത്രമുള്ളവര്‍ ഇതിനെയും എതിര്‍ക്കുന്നതിലൂടെ അവരുടെ സ്ത്രീവിരുദ്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയില്ലായ്മയുടെയും ആഴമാണ് വ്യക്തമാകുന്നത്.
സ്ത്രീകള്‍ കുടുംബജീവിതം നയിച്ചു വീട്ടില്‍ ഒതുങ്ങിക്കൂടേണ്ട പ്രത്യുത്പാദന യന്ത്രമാണെണ് ചിന്തിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ പുരോഗമനവാദം പറഞ്ഞ് സമൂഹത്തെ വഞ്ചിച്ചിരുന്നത് എന്നതും വ്യക്തമാകുകയാണ്. സിപിഎം എന്നും പുരോഗമന വാദം പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുന്നവരാണ്. അവരുടെ കാപട്യമാണ് മറനീക്കി ഇപ്പോള്‍ പുറത്തുവരുന്നത്. നയമോ നിലപാടോ സ്വന്തമായിട്ടില്ലാത്ത ലീഗിന് പിന്നില്‍ അവരുടെ നിഴലില്‍ മുന്നോട്ട് പോകുന്നവര്രെന്ന് വീണ്ടും തെളിയിക്കുകയുമാണ് കോണ്‍ഗ്രസ്. ഈ അവസരത്തിലാണ് സ്ത്രീശാക്തീകരണത്തിനായി ശക്തമായ തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നതില്‍ നമുക്ക് അഭിമാനിക്കാം.
അഡ്വ. നിവേദിത സുബ്രഹ്മണ്യന്
(മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ)
പെണ്‍കുട്ടികള്‍ക്ക് വേണ്ടത് പക്വത
വിവാഹപ്രായം 21 ആക്കിയതില്‍ വളരെ സന്തോഷമുണ്ട്. കുട്ടികള്‍ക്ക് വിവാഹത്തേക്കാള്‍ ഉപരി സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പക്വതയുണ്ടാവണം. ഏറ്റവും പ്രധാനപ്പെട്ട വോട്ടവകാശത്തില്‍ പോലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രായം ഒരു പോലെയായിട്ടാണ് പരിഗണിച്ചിരുന്നത്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ സമൂഹത്തില്‍ വിവാഹക്കാര്യത്തിലും വന്ന ഈ മാറ്റം സന്തോഷകരമാണ്. പതിനെട്ടില്‍ വിവാഹം കഴിക്കുന്നതോടെ നിരവധി പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസമാണ് ഇല്ലാതായത്. പഠിക്കണോ, വിവാഹം കഴിക്കണോ എന്ന് തീരുമാനിക്കാനുള്ള പക്വത പോലും എത്തുന്നതിന് മുമ്പേ പലരും വിവാഹിതരാകും.
വിവാഹം കഴിക്കണോ തൊഴിലെടുത്ത് ജീവിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ഇരുപത്തിയൊന്നില്‍ ചുവടുവച്ചേക്കാം. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവയില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനക്കെത്തുന്നത്. ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറയ്ക്കല്‍, തൊഴില്‍-വിദ്യാഭ്യാസാവസരം, ജനസംഖ്യാ നിയന്ത്രണം തുടങ്ങി വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവാഹപ്രായം ഏകീകരിച്ചിരിക്കുന്നത്.
അഡ്വ. സൂസന്ന ജോര്‍ജ്ജ്
(പത്തനംതിട്ട ബാര്‍ അസോസിയേഷ മെമ്പര്‍)
സ്ത്രീകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരും
സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്ത്രീകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ്. മാനസിക പക്വത കുടുംബ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചെറുപ്രായത്തില്‍ വിവാഹിതയാകുന്നതോടെ പെണ്കുട്ടികള്ക്കുണ്ടാകുന്ന ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകും. വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിനും സ്വന്തം കാലില്‍ നില്ക്കാനുമുള്ള ശേഷി കൈവരിക്കാനും സാധിക്കും. കേവലം ഉപഭോഗവസ്തുവായി കാണുന്ന കാഴ്ചപ്പാടില്‍ നിന്നും സ്ത്രീത്വത്തെ ആദരിക്കുന്ന ഈ നിയമത്തെ മഹിളാ ഐക്യവേദി സ്വാഗതം ചെയ്യുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
നിഷാ സോമന്
(മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ)
സ്വയംപര്യാപ്തത നേടണം
ശാരീരിക ക്ഷമത മാനദണ്ഡമാക്കിയാല്‍ വിവാഹ പ്രായം 21 വയസ് ആക്കുന്നതിനോട് യോജിക്കുന്നു. വിദ്യാഭ്യാസം നേടി സ്വന്തം കാലില്‍ നില്‍ക്കേണ്ടത് അനിവാര്യമാണ്. ആദ്യം ഒരു ജോലി അല്ലെങ്കില്‍ നാളെ ഒരു പ്രതിസന്ധി നേരിട്ടാല്‍ അതില്‍ നിന്ന് കരകയറാന്‍ പാകത്തിനുള്ള വിദ്യാഭ്യാസം നേടുക എന്നതാണ് മുഖ്യം. വിവാഹ ശേഷം സങ്കീര്‍ണതകള്‍ ജീവിതത്തില്‍ വരുമ്പോള്‍ ചെറുത്ത് നില്‍പ്പിനുള്ള മനോബലം അത്യാവശ്യമാണ്. അതുകൊണ്ട് ശാരീരികമായി ഒരുങ്ങി എന്ന് കാണിക്കുന്ന 18 വയസ്സ് എന്നുള്ളത് മാനസിക പക്വതയുടെ കാര്യത്തില്‍ പലപ്പോഴും ശരിയാകണമെന്നില്ല.
അനു ജോബി, നെടുങ്കണ്ടം
(നഴ്സ്)
വിവാഹ പ്രായം ഇരുപത്തിയഞ്ചെങ്കിലും ആക്കണം
വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 25 വയസ്സെങ്കിലും ആക്കണമെന്നുള്ളതാണ് വ്യക്തിപരമായ അഭിപ്രായം. വിദ്യാഭ്യാസത്തിലൂടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഈ കാലയളവ് ഏറെ പ്രയോജനപ്പെടും. പുരാതനകാലം മുതല്‍ നമ്മുടെ സംസ്കാരം 25 വയസ്സ് വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസ കാലഘട്ടം എന്നുള്ളതാണ്. സ്ത്രീകള്‍ വിദ്യാസമ്പന്നരാവുകയും കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിലൂടെ സമൂഹം പുരോഗതിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
തൊടിയൂര്‍ വസന്തകുമാരി
(കാഥിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: