അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ പിങ്ക്് ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയവഴിയില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസില്‍ ഇംഗ്ലണ്ടിനെ 236 റണ്‍സിന് പുറത്താക്കി 237 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എടുത്തു. ഇതോടെ അവര്‍ക്ക് 282 റണ്‍സ് ലീഡായി. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 473 റണ്‍സാണെടുത്തത്. സ്റ്റെമ്പെടുക്കുമ്പോള്‍ മാര്‍ക്കസ് ഹാരിസും (21) മൈക്കിള്‍ നെസറുമാണ് (2) ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (13) പുറത്തായത്.
രണ്ട് വിക്കറ്റിന് 17 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസില്‍ തകര്‍ന്നുവീണു. സ്റ്റാര്‍ക്ക് 37 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ അമ്പത് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി. സ്പിന്നര്‍ നാഥന് ലിയോണ്‍ സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്കി. 58 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ഇംഗ്ലീഷ് ബാറ്റിങ്നിരയില്‍ ഡേവിഡ് മലാന് (80), ക്യാപ്റ്റന്‍ ജോ റൂട്ട് (62), ബെന്‍സ്റ്റോക്സ് (34) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 157 പന്തില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയില്‍ 80 റണ്‍സ് നേടിയ മലാനാണ് ടോപ്പ് സ്്കോറര്‍. ജോ റൂട്ട് 116 പന്ത് നേരിട്ടാണ് 62 റണ്‍സ് നേടിയത്. ഏഴു ബൗണ്ടറിയടിച്ചു. മൂന്നാം വിക്കറ്റില്‍ മലാനും ജോ റൂട്ടും 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ വന്‍ സ്കോറെന്ന സ്വപ്നം പൊലിഞ്ഞു. ബെന്‍സ്റ്റോക്സ്് 98പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും സഹിതമാണ് 34 റണ്‍സ് എടുത്തത്. ക്രിസ് വോക്സ് 40 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 24 റണ്‍സ് എടുത്തു.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക്് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ നഷ്ടമായി. പതിമൂന്ന് റണ്‍സ് നേടിയ വാര്‍ണര്‍ റണ്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ വാര്‍ണര്‍ 95 റണ്‍സ് നേടിയിരുന്നു.
സ്കോര്‍: ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 473 ഡിക്ലയേര്‍ഡ്, ഒരു വിക്കറ്റിന് 45. ഇംഗ്ലണ്ട് 236.
പ്രതികരിക്കാൻ ഇവിടെ എഴുതുക: