പുനലൂര്‍: മെഴുകുതിരി വെളിച്ചത്തിലും മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലും ജോലി ചെയ്ത് നഗരസഭ ഓഫീസിലെ ജീവനക്കാര്‍. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ദേശീയ പാതയിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി പകല്‍ മുഴവന്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. നഗരസഭ ഓഫീസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ജനറേറ്റര്‍ സംവിധാനം ഉണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാതെ തകരാറിലായതാണ് ജീവനക്കാര്‍ക്ക് വിനയായത്.
സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും, ലൈഫ് പദ്ധതി ഗുണഭോക്താക്കളും, പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി വിധവ പെന്‍ഷനു വേണ്ടി നല്കാന് എത്തിയവരും എല്ലാം വലഞ്ഞു. ദേശീയപാതയില്‍ നില്ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റാന്‍ നഗരസഭയ്ക്ക് ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടും 4 ലക്ഷത്തോളം രൂപ അടിയന്തിരമായി അടച്ചതിനെ തുടര്‍ന്നാണ് ദേശീയപാതയും മലയോര ഹൈവേയും ചേരുന്നിടത്ത് ഇന്നലെ പോസ്റ്റുകള്‍ മാറിയത്.
റെയില്‍വേയ്ക്ക് മേല്‍പ്പാലം പണിയാന്‍ ഒരു കോടി രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ദേശീയ പാതയില്‍ നില്ക്കുന്ന പോസ്റ്റുകള്‍ മാറാന്‍ ലക്ഷങ്ങള്‍ അടയ്ക്കുകയും ചെയ്യുന്ന നഗരസഭ തുച്ഛമായ പണം ചെലവാക്കിയാല്‍ ജനറേറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയുമായിരുന്നു. നഗരസഭാ അധിക്യതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: