ഭരണകൂടവും ഭരണകര്‍ത്താക്കളും ഒരു ജനതയെ എത്രത്തോളം മനസിലാക്കിയില്ല എന്നതിന്റെ നേര്‍ചിത്രമാണ് അട്ടപ്പാടി. പാക്കേജുകളും പ്രഖ്യാപനങ്ങളും നടത്തി ഒരു വിഭാഗത്തെ ഉപഭോക്താക്കളായി മാത്രം മാറ്റിയതിന്റെ പരിണിതഫലമാണ് അടിക്കടിയുണ്ടാകുന്ന ശിശുമരണങ്ങള്‍. പോഷകാഹാരക്കുറവിന്റെയും ആരോഗ്യക്കുറവിന്റെയും പേരില്‍ എഴുതിത്തള്ളുമ്പോള്‍ കാണേണ്ടുന്ന വസ്തുതകളും പിന്തള്ളപ്പെടുന്നു.
തിരിച്ചു നല്‍കണം ഭൂമിയും കൃഷിയും
സാമൂഹികമായും സാംസ്കാരികമായും ഏറെ വികാസം പ്രാപിക്കുകയും സ്വന്തം നിലപാടുകളുള്ളവരുമാണ് അട്ടപ്പാടിയിലെ വനവാസികള്‍. എന്നാല്‍ പാക്കേജുകളിലും പ്രഖ്യാപനങ്ങളിലും പറയാതെപോയ ഒരു കാര്യമുണ്ട്. ആദിവാസിയുടെ കൃഷിയോഗ്യമായ ഭൂമി, കൃഷിയിലുള്ള അവരുടെ അറിവ്, കഴിവ്, പോഷകാഹാരമൂല്യമുള്ള ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ എപ്രകാരം വീണ്ടെടുക്കാം എന്നതിനെക്കുറിച്ച് പരാമര്ശിക്കുന്നതേ ഇല്ല.
അട്ടപ്പാടിയിലുണ്ടായ പാരിസ്ഥിതിക നാശവും കുടിയേറ്റവും അവിടുത്തെ തദ്ദേശീയരുടെ ജീവിതം തകര്‍ത്തു. ഭൂമി അന്യാധീനപ്പെട്ടതോടെ വനവാസി കൃഷി ഉപേക്ഷിച്ചു. ഇതിന് പുറമേ വികസനത്തിനെന്ന പേരില്‍ കൊണ്ടുവന്ന അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് പദ്ധതിയും സുസ്ലോണിന്റെ കാറ്റാടി പദ്ധതിയുമെല്ലാം വനവാസികളുടെ ഭൂമി കൊള്ളയടിക്കുന്നതിനുള്ള മറയായി. അഹാഡ്സ് പദ്ധതിയിലൂടെ വീട് ലഭിച്ചെങ്കിലും വനവാസി കൃഷി മറന്നു. പരമ്പരാഗതമായ ഭക്ഷണശൈലി മറന്നു.
സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്, സര്‍വ്വേ നടത്തി ഭൂമിയുടെ പട്ടയരേഖകള്‍ വിതരണം ചെയ്യുകയും ഭൂമി കൃഷിയോഗ്യമാക്കാന്‍ വേണ്ട സഹായം നല്‍കുകയുമാണ്. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ വനാവകാശ നിയമം അട്ടപ്പാടിയില്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇപ്പോഴും 76 കുടുംബങ്ങള്‍ ഭൂമി ഇല്ലാത്തവരായുണ്ട്. സ്വന്തം ഭൂമിയും കൃഷി ചെയ്യാന്‍ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയാല്‍ ഒരുപരിധി വരെ വനവാസികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകും. തനത് കൃഷിയും ഭക്ഷണശൈലിയും അവര്‍ തിരിച്ചുപിടിക്കും. സൗജന്യ സേവനങ്ങള്‍ക്കും റേഷന്‍ കടകളിലൂടെ നല്കുന്ന അരിക്കും പുറമേ തങ്ങള്‍ക്ക് വേണ്ടുന്നത് ഉത്പാദിപ്പിച്ച് കഴിക്കാനുള്ള സാഹചര്യമാണ് അട്ടപ്പാടിയിലെ വനവാസികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കേണ്ടത്.
നിയന്ത്രിക്കേണ്ടതുണ്ട് ലഹരി
സര്‍ക്കാരിന്റെ കണക്കില്‍ മദ്യനിരോധന മേഖലയാണെങ്കിലും ദിനംപ്രതി അട്ടപ്പാടിയിലേക്കൊഴുകുന്നത് ലിറ്റര്‍ കണക്കിന് മദ്യമാണ്. തമിഴ്നാടും മണ്ണാര്‍ക്കാടും മദ്യം സുലഭമാണെന്നതിനാല് അട്ടപ്പാടിയില്‍ മദ്യത്തിന് പഞ്ഞമില്ല. ഇത് കൂടുതലായി എത്തുന്നത് ആദിവാസി മേഖലകളിലേക്കാണെന്നതും വസ്തുത.
അതിരാവിലെ മദ്യത്തില്‍ മയങ്ങുന്ന ഊരുകള്‍ ഇപ്പോഴും അട്ടപ്പാടിയിലുണ്ട്. പുരുഷന്മാര്ക്ക് പുറമേ സ്ത്രീകളും ലഹരി ഉപയോഗിക്കുന്നു. കഞ്ചാവും പുകയിലയും നാട്ടില്‍ സുലഭവുമാണ്. ഈ വര്‍ഷം ഇതുവരെ എക്സൈസിന്റെ കണക്ക് പ്രകാരം 80 ലിറ്റര്‍ ചാരായവും 40,000 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്. കൂടാതെ രണ്ട് കിലോയോളം കഞ്ചാവും നൂറ്റിയറുപത്തിയഞ്ചോളം കഞ്ചാവ് ചെടികളും കണ്ടെത്തി. കണക്കില്‍ ഇത്രമാത്രമാണെങ്കിലും മലഞ്ചെരിവുകളിലും ഉള്‍പ്രദേശത്തെ ഊരുകളിലും മദ്യവും കഞ്ചാവും സുലഭമാണ്.
വേണ്ടത് മികച്ച ചികിത്സ
ആശുപത്രികളുണ്ടെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കില്‍ ചുരമിറങ്ങേണ്ട സാഹചര്യമാണുള്ളത്. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളാണ് ആശ്രയം. 60 കിലോമീറ്ററിലധികം പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ദുരിതം നിറഞ്ഞ യാത്ര ചെയ്തുവേണം ആശുപത്രിയിലെത്താന്‍. മഴക്കാലമാണെങ്കില്‍ യാത്ര സാധിക്കുകയുമില്ല. ഭാരിച്ച ചികിത്സാ ചെലവും. ഇതെല്ലാം പലരേയും തുടര്‍ ചികിത്സയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
ബോധവത്കരണം അനിവാര്യം
ഒരു സ്ത്രീ അമ്മയാകാന്‍ തുടങ്ങുമ്പോഴെ മാനസികമായും ശാരീരികമമായും തയ്യാറെടുപ്പുകള്‍ വേണം. എന്നാല്‍ എത്രയൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും ആദിവാസി മേഖലയില്‍ നേരത്തെയുള്ള വിവാഹവും ഗര്‍ഭകാലത്തെ സ്ത്രീകളുടെ പുകയില ഉപയോഗവും കുറഞ്ഞിട്ടില്ല. മറ്റ് വിഭാഗങ്ങളിലുള്ളവര്‍ ഗര്‍ഭകാലങ്ങളില്‍ സ്വീകരിക്കുന്ന മുന്‍കരുതലും ശ്രദ്ധയും പലപ്പോഴും ഇവര്‍ സ്വീകരിക്കുന്നുമില്ല. സ്വന്തം മക്കളുടെ പ്രായം അറിയാത്ത അച്ഛനമ്മമാര്‍ വിവിധ ഊരുകളിലുണ്ട്. ചികിത്സയ്ക്കായി മന്ത്രവാദികളെയും മറ്റും ആശ്രയിക്കുന്നവരുണ്ട്.
പോഷകാഹാരക്കുറവ് മാത്രമല്ല അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം. സാമൂഹ്യവും സാമ്പത്തികവും രാഷ്ടീയവുമായ പല പ്രശ്നങ്ങളും അവിടെയുണ്ട്. നാട് വികസിക്കുമ്പോള്‍ പഴയരീതിയിലേക്ക് തിരിച്ചുപോയാല്‍ വനവാസികള്‍ രക്ഷപ്പെടുമെന്ന് പറയാന്‍ കഴിയില്ല. ഏറ്റവും പിന്നാക്കക്കാരെന്ന നിലയില്‍ അവരില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങാന്‍ സമയമെടുക്കും. പൊളിച്ചെഴുത്ത് തുടങ്ങേണ്ടത് ഉള്ളില്‍ നിന്നാണ്. തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഉറക്കെ പറയാന്‍ കഴിയുന്ന തലമുറ അവര്‍ക്കിടയില്‍ വളരണം. ഉന്നത വിദ്യാഭ്യാസം ലഭിച്ചവരും കൃഷി മറക്കാത്ത ഒരു തലമുറയും ഇവിടെയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കോടികളുടെ പ്രഖ്യാപനങ്ങളുമല്ല അട്ടപ്പാടിയില്‍ വേണ്ടത്. എന്താണ് ആദിവാസികള്‍ക്ക് ആവശ്യമെന്നറിയാതെ നല്കുന്ന സ്പൂണ്‍ ഫീഡിങ്ങും സൗജന്യ സേവനങ്ങളും ഒഴിവാക്കി അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാരുകള്‍ ഒരുക്കേണ്ടത്. അല്ലെങ്കില്‍ ജീവിതവും ജീവിത രീതിയും മറന്ന് ഒരു വിഭാഗം കണ്മുന്നില് ഇല്ലാതാകും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: