സ്ത്രീകളുടെ വിവാഹ പ്രായം 18 ല്‍ നിന്നും 21 ആയി ഉയര്‍ത്താന്‍ അനുമതി നല്കിയ കേന്ദ്രമന്ത്രിസഭയുടെ നടപടിക്കെതിരെ മുസ്ലീംലീഗ് മറ്റ് ചില സംഘടനകളെ രംഗത്തിറക്കിയിട്ടുണ്ട്. ലീഗ് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
മുസ്ലീം ലീഗ് ലോക്സഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, എംപിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയിലും പി.വി.അബ്ദുല്‍ വഹാബ് രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്രെ.
സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് അവരുടെ ആവശ്യം. മുസ്ലീം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപിമാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നിയമനിര്‍മാണം നടത്താനാവില്ല. അതിനുമുന്പേ അടിയന്തര പ്രമേയമെന്ന ഗിമ്മിക്ക് മറ്റൊരു രാഷ്ട്രീയമാണ്. സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും മുസ്ലീങ്ങളില്‍ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കാനാണീ പ്രമേയമെന്നതില്‍ സംശയമില്ല. മുത്തലാഖ് നിര്‍ത്താനുള്ള നീക്കത്തിനെതിരെയും വലിയ കോളിളക്കമുണ്ടാക്കാനുള്ള ശ്രമം നടന്നതാണ്. മുത്തലാഖ് നിര്‍ത്തിയാല്‍ നാടാകെ കത്തുമെന്നുവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ മുസ്ലീം വനിതകള്‍ നല്ല പിന്തുണയാണ് മുത്തലാഖ് നിയമത്തിന് നല്‍കിയത്. ഒരിടവും കത്തിയതുമില്ല, കുത്തും നടന്നില്ല.
വിവാഹ പ്രായം ഉയര്‍ത്തുന്നതിനും കാര്യവിവരമുള്ള മുസ്ലീം വനിതകള്‍ വലിയ തോതില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു. വനിതകളെ അടിമകളായി നിര്‍ത്തുന്നതില്‍ താല്പര്യമുള്ള പുരുഷന്മാരാണ് പ്രായം മാനിക്കാതെ വിവാഹം മോഹിക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്നത് ഏക സിവില്‍ കോഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടി എന്ന പരാതിയും ഉയര്‍ന്നുകഴിഞ്ഞു. മതവും ജാതിയും നോക്കാതെ ഇന്ത്യന്‍ പൗരന്മാര്ക്കെല്ലാം വോട്ടവകാശമുള്ള രാജ്യത്ത് നിയമങ്ങളിലും തുല്യത വേണ്ടേ? ശരിയത്തിനെ തൊട്ടുകളിക്കലാണിതെന്നും ആക്ഷേപിക്കുന്നു. സിവില്‍ നിയമം ശരിയത്ത് അനുസരിച്ച് വേണമെന്ന് ശഠിക്കുന്നവര്‍ കുറ്റകൃത്യങ്ങളിലും ശരിയത്തനുസരിച്ചുള്ള ശിക്ഷാവിധി വേണമെന്നാവശ്യപ്പെടുമോ? അങ്ങനെ വന്നാല്‍ എത്രപേര്‍ക്ക് കൈയും കാലും മറ്റ് അവയവങ്ങളും അവശേഷിക്കും? ക്രിമിനല്‍ നിയമം പൊതുവാകാന്‍ ആഗ്രഹിക്കുന്നവര്‍ സിവില്‍ നിയമവും ഏകീകൃതമാകണമെന്ന് ചിന്തിക്കാത്തതാണ് അത്ഭുതം.
മുസ്ലീം ലീഗും മതസംഘടനകളും അമ്പരപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആക്കംകൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. മതസംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണവര്‍, അതിന്നും തുടരുന്നു. അവരുടെ പാര്‍ട്ടി പത്രവും നേതാക്കളുടെ പ്രസംഗങ്ങളും അതാണ് തെളിയിക്കുന്നത്.
രാഹുലും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വര്‍ഗീയത പടര്‍ത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണെന്ന് എഴുതിയ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കോണ്‍ഗ്രസിനെതിരെ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ച് ആര്‍എസ്എസിനേയും ബിജെപിയേയും അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.
”ആറുമാസത്തിനുള്ളില്‍ യുപി ഉള്‍പ്പെടെ അഞ്ച് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനുമുന്നോടിയായി രാജസ്ഥാനിലെ ജയ്പൂരില്‍ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്നുള്ള ആളുകളെക്കൂട്ടി സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധി ‘ഹിന്ദുരാജ്യ’ രാഷ്ട്രീയം പ്രഖ്യാപിച്ചു. സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും സാന്നിധ്യത്തിലായിരുന്നു അത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളുടെ ഭരണത്തിനാണ് തന്റെ പാര്‍ടി നിലകൊള്ളുന്നതെന്നും സംശയലേശമന്യേ രാഹുല്‍ വിളിച്ചോതി. ഇത് കോണ്‍ഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപ്പോലും ഞെട്ടിച്ചു. ഹിന്ദുത്വത്തിന്റെ ധാര കോണ്‍ഗ്രസില്‍ ചരിത്രപരമായിത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍, അത്തരം ശക്തികളോട് പടവെട്ടിയാണ് കോണ്‍ഗ്രസിനുള്ളില്‍ മതനിരപേക്ഷ ആശയം മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവുമൊക്കെ ഉറപ്പിച്ചത്. അവരെല്ലാം ഉറപ്പിച്ച ആണിക്കല്ലുകള്‍ നിര്‍ദാക്ഷിണ്യം പിഴുതെറിയുകയാണ് രാഹുലും സംഘവും.
ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തെ പരോക്ഷമായും ഒരു പരിധിവരെ പ്രത്യക്ഷമായും പിന്താങ്ങുന്നതാണ് കോണ്‍ഗ്രസ് നേതാവിന്റെ ‘ഹിന്ദുരാജ്യം’, ‘ഹിന്ദുക്കളുടെ ഭരണം’ എന്ന ആശയം. ആര്‍എസ്എസിന്റെ സ്ഥാപിതലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. കഴിഞ്ഞ ഏഴരവര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തോടെ അക്രമാസക്തമായി ഇക്കാര്യത്തില്‍ നീങ്ങാന്‍ ഭരണസംവിധാനത്തെയും ഭരണത്തിനു പുറത്ത് സംഘപരിവാറിനെയും ഊര്‍ജിതമാക്കി. നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാകുമ്പോള്‍ അത് അഹിന്ദുക്കള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ആപത്താണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയില്‍ ഏതെങ്കിലും ജാതിക്കോ മതത്തിനോ മുന്‍ഗണനയില്ല. അതിനാല്‍ ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തെ നഖശിഖാന്തം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ആവശ്യം. അല്ലാതെ അതിനോട് സമരസപ്പെടുംവിധം ഹിന്ദുരാജ്യമെന്ന സമാന മുദ്രാവാക്യം മുഴക്കലല്ല വേണ്ടത്.”
ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന ആവലാതി നിരര്‍ഥകമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. അതിനെ ഒന്നുകൂടി ഹിന്ദുരാഷ്ട്രമാക്കേണ്ടതുണ്ടോ? സന്താന നിയന്ത്രണനിയമം, ലൗ ജിഹാദ് നിയമം തുടങ്ങിയവ യുപിയില്‍ വന്നു. ഇതിനു പുറമെ ഇക്കണോമിക് ജിഹാദും സംഘപരിവാര്‍ പ്രഖ്യാപിച്ചു. കച്ചവടക്കാരായ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്നതിനാണ് ഇത്. മുസ്ലിങ്ങള്‍ ദേശദ്രോഹികള്‍, അവര്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നു, അവരെ ഒറ്റപ്പെടുത്തൂവെന്നാണ് സംഘപരിവാറിന്റെ വിഷം വമിപ്പിക്കല്‍ എന്നുപറയുന്ന കോടിയേരിയുടെ പാര്‍ട്ടിയല്ലെ ‘ഹലാല്‍ ഭക്ഷണം’ എന്നാല്‍ നല്ല ഭക്ഷണമെന്ന് വ്യാഖ്യാനിച്ചത്. പാക്കിസ്ഥാന് സിന്ദാബാദ് വിളി വിവാദമായപ്പോള്‍ അതില്‍ കുഴപ്പമില്ല ‘പാക്കിസ്ഥാന് എന്നാല്‍ പുണ്യഭൂമി എന്നേ അര്‍ഥമുള്ളൂ’ എന്ന് കെ. കരുണാകരന് പറഞ്ഞത് മറക്കാനാകുമോ? കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും ‘അമ്മയും മകളും’ പെണ്ണുതന്നെ എന്ന് പറയുന്നതിന് തുല്യമല്ലെ? കശ്മീര്‍ വിഷയത്തിലും ലൗ ജിഹാദ് പ്രശ്നത്തിലും ഇരുകൂട്ടരും ഒരേ സമീപനത്തിലായിരുന്നല്ലോ. നരേന്ദ്രമോദിയെ എതിര്‍ക്കുന്നതിലും തുല്യനിലപാടാണ്. ഇനി വിവാഹ പ്രായത്തിലും മറിച്ചൊരു നിലപാടെടുക്കില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ആ പാര്‍ട്ടികള്‍ക്കെല്ലാം ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകാന്‍ തരമുള്ളൂ. രാജ്യദ്രോഹികള്‍ ഏത് വേഷത്തില്‍ ഇറങ്ങിയാലും തിരിച്ചറിയാന്‍ തക്കവണ്ണം വോട്ടര്‍മാര്‍ മറിക്കഴിഞ്ഞു എന്ന് മറക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: