ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയെ മനുഷ്യരാശിയുടെ അമൂല്യമായ പാരമ്പര്യ സ്വത്തായി യുനസ്കോ (യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) പ്രഖ്യാപിച്ചു. ആത്മീയ ലോക പൈതൃകമെന്നാണ് ദുര്‍ഗാപൂജയെ യുനസ്കോ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സംസ്കൃതിക്ക് ലോകമെങ്ങും ലഭിക്കുന്ന വന്‍ സ്വീകാര്യതയുടെ സൂചകമാണിത്. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളില്‍ ഒന്നാണിത്.
ദുര്‍ഗാദേവി പ്രതിമയുടെ ചിത്രത്തിനൊപ്പമാണ് യുനസ്കോ ഇക്കാര്യം പ്രഖ്യാപിച്ചത്. ”കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ലോക പൈതൃകപ്പട്ടികയില്‍, ഇന്ത്യക്ക് അഭിനന്ദനം”, അവര്‍ ട്വീറ്റ് ചെയ്തു. ലോക പൈതൃകപ്പട്ടികയില്പ്പെടുന്ന ഏഷ്യയിലെ ആദ്യഉത്സവാഘോഷമാണ് ദുര്‍ഗാപൂജ. 48 നിര്‍ദേശങ്ങളാണ് യുനസ്കോയ്ക്ക് ലഭിച്ചത്. ആറു സാംസ്കാരിക വിദഗ്ധര്‍ അടങ്ങിയ സമിതിയാണ് ദുര്‍ഗാപൂജയെ തെരഞ്ഞെടുത്തത്.
ഡിസംബര്‍ 15ന് പാരീസില്‍ ചേര്‍ന്ന യുനസ്കോയുടെ പതിനാറാമത് യോഗമാണ് ദുര്‍ഗാപൂജയെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്. ദുര്‍ഗാപൂജ നമ്മുടെ ഏറ്റവും മികച്ച പാരമ്പര്യവും ധാര്‍മികതയും എടുത്തു കാണിക്കുന്ന ഒന്നാണ്.
കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ തീര്‍ച്ചയായും എല്ലാവര്ക്കും ഒരനുഭവമാണ്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അര്‍ഹിക്കുന്ന അംഗീകാരമാണിതെന്ന് പ്രമുഖ കലാചരിത്രകാരി തപതി ഗുഹ പറഞ്ഞു. യുനസ്കോയ്ക്ക് അയയ്ക്കാന്‍ വേണ്ട കത്തും വിശദാംശങ്ങളും തയ്യാറാക്കിയ കലാകാരി കൂടിയാണ് തപതി ഗുഹ.
കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത (ഇന്റ്റാന്ജിബിള്) പൈതൃകപ്പട്ടികയില്പ്പെടുന്ന, ഇന്ത്യയില്‍ നിന്നുള്ള പതിനാലാമത്തെ പൈതൃകമാണിത്. കുംഭമേളയും (2017), യോഗയും (2016) പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: