തിരുവനന്തപുരം : മുസ്ലിംലീഗ് രൂപം കൊണ്ടത് തീവ്രവര്‍ഗ്ഗീയതയോടെയെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യാവിഭജനത്തിന് നിലകൊണ്ട മുഹമ്മദലി ജിന്നയുടെ മുസ്ലിംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേത് ആയിരുന്നു. അന്നത്തെ അക്രമ ശൈലി ഇപ്പോള്‍ കേരളത്തില്‍ മുസ്ലിംലീഗ് പ്രയോഗിക്കുന്നു. കോഴിക്കോട്ടെ പ്രകോപനപരമായ റാലിയില്‍ പച്ച വര്‍ഗീയത വിളമ്പിയത് ഇതിന്റെ തെളിവാണെന്നും കോടിയേരി വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യാ വിഭജന കാലത്തെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി ഇന്നത്തെ ലീഗ് നേതാക്കള്‍ മാറി. അതിനാലാണ് ലീഗ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുന്നതും കുടുംബത്തെ അവഹേളിക്കുന്നതെന്നും കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചു. എല്‍ഡിഎഫ് ഭരണം ഉള്ളതുകൊണ്ട് ആണ് നാട് വര്‍ഗീയ ലഹളയിലേക്ക് വീഴാതിരുന്നതെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.
മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍പ്പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ പ്രകടനവും സമ്മേളനവും.
സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലുംനിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവര്‍ഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ആ സംഘടന പിന്നീട് ഉയര്‍ത്തി. ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ പോലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെകൂടി ഫലമായി ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചു.
ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്. 1948 മാര്‍ച്ച് 10നു രൂപീകരിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ ഭാഗമാണ് ഇവിടത്തെ ലീഗ്. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കള്‍ മാറിയിരിക്കുകയാണ്.
അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്കാരിക ച്യുതിയുടെയും തെളിവാണിതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: