കൊട്ടാരക്കര : വിഷം നല്കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയതായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. ശരീരത്തെ ക്രമേണ ബാധിക്കുന്ന രീതിയിലുള്ള വിഷമാണ് നല്‍കിയത്. തിരുവനന്തപുരത്തും വെല്ലൂരിലുമായി താന്‍ ഇതിനായി ചികിത്സ നടത്തി വരികയാണെന്നും സരിത അറിയിച്ചു. അവര്‍ കൂടി ഉള്‍പ്പെട്ട വാഹന ആക്രമണക്കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വിഷം നല്കി തന്നെ ഇല്ലാതാക്കാനാണ് ശ്രമം നടത്തിയത്. നാഡികളെയെല്ലാം വിഷം ബാധിച്ചിരുന്നു. ഇതിനായുള്ള ചികിത്സ തുടരുകയാണ്. കീമോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സകള്‍ നടന്നുവരികയാണ്. ഭേദമായതിന് ശേഷം ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരായി മൊഴി നല്‍കുന്നതിനായാണ് സരിത കൊട്ടാരക്കരയില്‍ എത്തിയത്. സരിത വാദിയായും പ്രതിയായും രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നു സരിതയും ഇടിച്ച വാഹനത്തില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് എതിര്‍ഭാഗവും കോടതിയെ അറിയിച്ചു. സരിത ഉള്‍പ്പെട്ട വാഹന ആക്രമണ കേസില്‍ വാദിപ്രതി ഭാഗങ്ങള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു. കേസ് വിധി പറയാന്‍ 29 ലേക്കു മാറ്റിയിട്ടുണ്ട്.
2015 ജൂലൈ 18നു രാത്രി പതിനൊന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എംസി റോഡില്‍ കരിക്കകത്തിനു സമീപം സരിതയുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. സരിതയ്ക്കൊപ്പം ഡ്രൈവര്‍ ബിനുകുമാര്‍, വിദ്യാധരന് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശവാസികളായ ആറംഗസംഘം എത്തി കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് ആദ്യ കേസ്. കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും സരിതയോട് അപമര്യാദയായി സംസാരിക്കുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തതായാണു പരാതി.
മനു പി. മോഹന്‍, ദീപുരാജ്, അജിത്കുമാര്‍, പ്രദീപ്, അനീഷ് മാത്യു, അബീഷ് മാത്യു എന്നിവരാണു പ്രതികള്‍. സംഘര്‍ഷത്തിനിടെ കാര്‍ പെട്ടെന്നു മുന്നോട്ടെടുത്തതോടെ അനീഷ് മാത്യു, പ്രദീപ് എന്നിവര്‍ക്ക് പരിക്കേറ്റു. കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനു സരിതയ്ക്കും ബിനുകുമാറിനും വിദ്യാധരനും എതിരെ പോലീസ് കേസെടുത്തു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ഡ്രൈവര്‍ക്കു മയക്കം വന്നതിനാല്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തെന്നാണു സരിതയുടെ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: