പഞ്ച്മഹല്‍ : ഗുജറാത്ത് രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. പഞ്ച്മഹാലിലെ ഗോഘംബയിലെ ഗുജറാത്ത് ഫ്ളൂറോ കെമിക്കല്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. നിരവധി കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. സംഭവ സ്ഥലത്ത് അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. സ്ഫോടനത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ഫളൂറിന്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ജിഎഫ്എല്‍. മുപ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയാണ് ഇത്. ഫ്ളൂറോ പോളിമറുകള്‍, റെഫ്രിജറന്റുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഇനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: