കോഴിക്കോട്: കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. എംഇഎസ്സിന് കീഴിലുള്ള ഫാത്തിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളജ് ഒഴിപ്പിക്കാനാണ് വഖഫ് ബോര്‍ഡ് ട്രൈബ്യൂണല്‍ ചെയര്മാന് ജില്ലാ ജഡ്ജ് രാജന് തട്ടില്‍, അംഗങ്ങളായ എം. ഹാഷില്, ടി.കെ. ഹസ്സന് എന്നിവര്‍ ഉത്തരവിട്ടത്. വഖഫ് ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വഖഫ് ബോര്‍ഡ് സിഇഒ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 45 ദിവസത്തിനകം ഒഴിയണമെന്നും അല്ലെങ്കില്‍ വഖഫ് ബോര്‍ഡിന് ഒഴിപ്പിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പുതിയ പൊന്മാണി ചിന്തകം തറവാട് വഖഫ് ചെയ്ത കോഴിക്കോട് നടക്കാവിലെ ബ്ലോക്ക് നമ്പര്‍ 12, മൂന്നാം വാര്‍ഡിലെ ഭൂമിയിലാണ് എംഇഎസ്സിന്റെ വനിതാ കോളജ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. പുതിയ പൊന്മാണി ചിന്തകം വഖഫിന്റെ സെക്രട്ടറി, വഖഫ് ബോര്‍ഡ് സിഇഒ ബി.എം. ജമാലിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയാരംഭിച്ചത്. ബോര്ഡിനവകാശപ്പെട്ട 25 കോടി രൂപ വില വരുന്ന കെട്ടിടവും ഭൂമിയും തിരിച്ചു നല്‍കണമെന്നായിരുന്നു പരാതിയില്‍ ആവശ്യം. എന്നാല്‍ 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംഇഎസ് വാദിച്ചത്. 1975ലെ വാടക കരാറിന് വഖഫ് നിയമം നിലവില്‍ വന്ന ശേഷം പ്രാബല്യമില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
1975ല്‍ മുത്തവല്ലി (മാനേജര്‍)യുമായാണ് കരാര്‍ ഉണ്ടാക്കിയത്. ഭൂമി വഖഫിന്റെതല്ലെന്ന വാദം നിലനില്‍ക്കുന്നതല്ല. അതേസമയം, അനുമതിയില്ലാതെയാണ് പാട്ടക്കരാര്‍ ഉണ്ടാക്കിയതെന്ന വഖഫ് ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. കോളജിനെതിരായ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി.
1975ല്‍ പ്രതിമാസം 200 രൂപ വാടക നല്‍കിയാണ് ഈ കെട്ടിടത്തില്‍ എംഇഎസ് കോളജ് സ്ഥാപിച്ചത്. എംഇഎസിനെ അനധികൃത കൈവശക്കാരനായി കണക്കാക്കി ഭൂമി തിരിച്ചുപിടിക്കാനുള്ള വഖ്ഫ് ബോര്‍ഡ് സിഇഒയുടെ 2016ലെ ഉത്തരവാണ് വഖഫ് ട്രൈബ്യൂണല്‍ ശരിവച്ചത്. ഉത്തരവ് നടപ്പാക്കാന്‍ സിഇഒയും ചോദ്യം ചെയ്തുകൊണ്ട് എംഇഎസും 2017ലാണ് വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജി നല്‍കിയത്. വഖഫ് ആക്ട് 52 എ പ്രകാരം എംഇഎസ് പ്രസിഡന്റിനെതിരേ വഖഫ് ബോര്‍ഡ് ഫയല്‍ ചെയ്ത കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നടന്നുവരികയാണ്. ഇതിനെതിരേ ഫസല്‍ ഗഫൂര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 20ന് വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: