കൊച്ചി: ആരുടേയും ആവശ്യപ്രകാരമല്ലാതെ വധുവിനായി വീട്ടുകാര്‍ നല്‍കുന്നത് സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ വധുവിന് നല്കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലുമാണ് കൈപ്പറ്റിയതെന്ന് തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ഇടപെടാന്‍ സാധിക്കൂവെന്ന് ഹൈക്കോടതി.
കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.ആര്. അനിതയാണ് ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. ഇതുപ്രകാരം വീട്ടുകാര്‍ വധുവിന് നല്കുന്ന ചട്ടപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമ്മാന വസ്തുക്കള്‍ സ്ത്രീധനം ആകില്ല. ഇവയെ സ്ത്രീധന നിരോധനത്തിന്റെ പരിധിയില്‍ ഉള്പ്പടുത്താനാകില്ല.
എന്നാല്‍ ഇതുസംബന്ധിച്ച് ഒരു പരാതി ലഭിച്ചാല്‍ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസര്‍ക്ക് സാധിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. വീട്ടുകാര്‍ തനിക്ക് നല്കിയ സ്വര്‍ണം ഭര്‍ത്താവിന്റെ കൈവശമാണെന്നും അത് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട കൊല്ലം സ്വദേശിനി ഭര്‍ത്താവ് വിഷ്ണുവിനെതിരെ പരാതി നല്‍കിയിരുന്നു. സ്വര്‍ണം തിരിച്ച് നല്കാന് സ്ത്രീധന നിരോധന ഓഫീസര്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വിഷ്ണുവിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് വിഷ്ണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2020 ലാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് 55 പവന്റെ ആഭരണങ്ങളും ഭര്‍ത്താവിന് മാലയും നല്‍കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഓഫീസറുടെ ഉത്തരവില്‍ ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നല്കാന് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതുമായി ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: