ശിശുമരണമെന്ന തലക്കെട്ടില്‍ ഇടവേളയ്ക്ക് ശേഷം അട്ടപ്പാടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ അനുവദിച്ചിട്ടും നടപ്പിലാക്കിയിട്ടും കണ്മുന്പില് ഒരു ജനത വേരറ്റ് തുടങ്ങുകയാണ്. പതിയെ പതിയെ എങ്കിലും വംശഹത്യയിലേക്ക് നടന്നടുക്കുകയാണ്.
പലപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍ പുറത്തുവരുന്ന നാടായി മാത്രം ഒതുങ്ങുകയാണ് അട്ടപ്പാടി. ആള്‍ക്കൂട്ടക്കൊലപാതകവും അവിവാഹിതരായ അമ്മമ്മാരും വാര്‍ത്തയായ നാടിപ്പോള്‍ ശിശുമരണങ്ങളുടെ എണ്ണത്തില്‍, അവഗണിക്കാനാകാത്ത വിധം ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഏകദേശം 745 ച.കി.മീ വരുന്ന മലയിടുക്കാണ് അട്ടപ്പാടി. ആലപ്പുഴ ജില്ലയുടെ പകുതിയിലേറെ ഭൂവിസ്തൃതി. മൂന്നുവശവും മലകളാണ്. കിഴക്കുഭാഗത്ത് ചുരത്തിലൂടെ അട്ടപ്പാടിയിലെത്താം. വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സൈലന്റ്വാലിയും കിഴക്കേയറ്റം തമിഴ്നാടുമായും ചേര്‍ന്നുകിടക്കുന്നു. രണ്ടുതരം കാലാവസ്ഥകളുള്ള ഭൂപ്രദേശമാണ് ഇത്. കിഴക്കന്‍ അട്ടപ്പാടി മഴനിഴല്‍ പ്രദേശവും പടിഞ്ഞാറന്‍ മലനിരകള്‍ പച്ചപിടിച്ച് ഹരിതാഭവുമാണ്. രണ്ടു നദികള്‍ അട്ടപ്പാടിയുടെ രണ്ടു വശങ്ങളിലൂടെയും ഒഴുകുന്നു. ശിരുവാണിയും ഭവാനിയും. അതുകൊണ്ടുതന്നെ ഭൂമി ഫലഭൂയിഷ്ടവുമാണ്. 82,000ന് മുകളിലാണ് അട്ടപ്പാടിയിലെ ജനസംഖ്യ.
ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോജക്ടിന്റെ കണക്കനുസരിച്ച് അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ 192 ഊരുകളിലായി 32,956 ആദിവാസികളാണുള്ളത്. മുഴുവന്‍ ജനസംഖ്യയുടെ 44 ശതമാനം. 1962ല്‍ അട്ടപ്പാടി ട്രൈബല്‍ ഡെവലപ്മെന്റ് ബ്ലോക്ക് നിലവില്‍ വന്നപ്പോള്‍ ജനസംഖ്യയുടെ 90.32 ശതമാനം ആദിവാസികളായിരുന്നു. എന്നാല്‍ നാട് വികസിച്ചതോടെ സ്വന്തം ഇടങ്ങളില്‍ നിന്നവര്‍ ഉള്വലിയപ്പെട്ടു. സ്വന്തമായി ഭാഷയും കൃഷിരീതിയും ജീവിതവുമുണ്ടായിരുന്നവരാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍. എന്നാല്‍ 1960-80കളില്‍ നടന്ന വ്യാപക കുടിയേറ്റത്തോടെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വനവും ഭൂമിയും നഷ്ടപ്പെടാന്‍ തുടങ്ങി.
നാടിനും നാട്ടുകാര്‍ക്കുമെന്ന പേരില്‍ 1976ല്‍ ഐടിഡിപി നിലവില്‍ വന്നു. 1976ല്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി ഫാമിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ ഉപപദ്ധതി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (അഹാഡ്സ്) തുടങ്ങി നിരവധി പദ്ധതികള്‍ അട്ടപ്പാടിയിലെത്തി.
വികസന പദ്ധതികളും പ്രഖ്യാപനങ്ങളും മുറയ്ക്ക് നടക്കുമ്പോഴും അട്ടപ്പാടിയില്‍ ശിശുമരണങ്ങളും തുടര്‍ന്നു. 2012 മുതല്‍ 2021 നവംബര്‍ വരെ അവിടെ പൊലിഞ്ഞത് 135 കുഞ്ഞുജീവനുകള്‍. ഈ വര്‍ഷം ഇതുവരെ ഒമ്പത് കുഞ്ഞുങ്ങള്‍. മരിച്ച അമ്മമാരുടെ എണ്ണവും കുറവല്ല. പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും പിടിപെട്ട് ആറ് അമ്മമാരാണ് ഇതുവരെ മരിച്ചത്.
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമെന്ന സ്ഥാനം നിതി ആയോഗ് കേരളത്തിന് നല്കിയ സമയത്താണ് അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ മരണം വാര്‍ത്തയാകുന്നത്. വിവിധ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ഒരു നാടിന്റെ നിലനില്‍പ്പിനായി ചെലവാക്കിയിട്ടും ശിശുമരണങ്ങള്‍ തുടരുന്നുവെങ്കില്‍ അത് ആശങ്കാജനകമാണ്. ശിശുമരണം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ രാഷ്ടീയക്കാരുടെയും പ്രഖ്യാപനങ്ങളുടെയും ഇടയില്‍ വീര്‍പ്പുമുട്ടുകയാണ് നാടും ജനതയും.
ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ക്ക് പിന്നാലെയുള്ള അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും പഴിചാരലുകളും മാത്രം പോരാ അട്ടപ്പാടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. പൂര്‍ണമായല്ലെങ്കിലും വികസനമെത്തിയ നാടാണ് അട്ടപ്പാടി. മെച്ചപ്പെട്ട യാത്രാ സൗകര്യമില്ലെങ്കിലും റോഡുകളുണ്ട്, അങ്കണവാടികളുണ്ട്, ആശുപത്രികളുണ്ട്. ആദിവാസികളുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പും ഉദ്യോഗസ്ഥ സംവിധാനവുമുണ്ട്. വിദ്യാഭ്യാസ മേഖലയിലാണെങ്കിലും ഒരു സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഐഎച്ച്ആര്‍ഡി കോളജ്, സര്‍ക്കാര്‍ ഐടിഐ കോളജ്, മൂന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, മറ്റനേകം എല്‍പി, യുപി സ്കൂളുകള്‍, സ്വകാര്യ ഐടിഐ, പോളിടെക്നിക് കോളജുകള്‍, എയ്ഡഡ് സ്കൂളുകളില്‍ മൂന്നെണ്ണത്തില്‍ രണ്ടെണ്ണം ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിന് പുറമേ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി നിരവധി ആദിവാസി വിഭാഗക്കാരും ജോലി ചെയ്യുന്നുണ്ട്.
പക്ഷേ ഇതൊക്കെയുണ്ടായിട്ടും ശിശുമരണം തുടര്‍ക്കഥയാവുകയാണ്. പോഷകാഹരാക്കുറവ്, പട്ടിണിമരണം എന്ന പേരിലൊക്കെ മരണങ്ങള് എഴുതി തള്ളുമ്പോള്‍ അത് എന്തുകൊണ്ട് വ്യാപകമായി എന്നത് അന്വേഷിക്കണം. പ്രചാരണങ്ങള്‍ക്കപ്പുറത്തേക്ക് വിശദമായ പരിശോധന, ജനിതക രോഗങ്ങള്‍, നേരത്തെയുള്ള വിവാഹം, വിദ്യാഭ്യാസത്തിന്റെ കുറവ്, ലഹരിയുടെ ഉപയോഗം എന്നിവയെല്ലാം പരിഗണിക്കപ്പെടണം.
ആദിവാസി അമ്മമാരുടെ ജീവിത സാഹചര്യവും നിലവാരവും അന്വേഷിച്ചെങ്കില്‍ മാത്രമേ ശിശുമരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകു. നിലവില്‍ പിന്തുടരുന്ന പരിഹാര മാര്‍ഗങ്ങള്‍ ഒരുപക്ഷേ ഫലപ്രദമാകണമെന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: