തിരുവനന്തപുരം: യോഗ്യത ഇല്ലാത്തവരെ അനധികൃതമായി നിയമിച്ച് സിപിഎം നടത്തുന്ന നിയമന വിപ്ലവത്തില്‍ പഠിച്ച് പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിക്കുന്നവര്‍ പുറത്താകുന്നു. ബിരുദസര്‍ട്ടിഫിക്കറ്റിനേക്കാള്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളോ ഭാര്യമാരോ ആണെന്നതിനാണ്. ഇതിനു കൂട്ടു നില്‍ക്കുന്നതാകട്ടെ ക്രമേക്കേടുകള്‍ തടയേണ്ട വിസിമാരും. സംസ്ഥാനത്തെ മുന്‍എംപി,
സ്പീക്കര്‍, മന്ത്രി, എംഎല്‍എ തുടങ്ങിയവരുടെ ഭാര്യമാരെല്ലാം ഉന്നത ഉദ്യാഗസ്ഥരായി. വിസി സ്ഥാനത്തേക്കും ഇത്തരത്തിലുള്ള നിയമനം നടത്താന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ ഗവര്‍ണ്ണര്‍ക്കും പറയേണ്ടി വന്നു, ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി വഹിക്കുന്നതാണ് നല്ലതെന്ന്.
എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടം ലംഘിച്ച് അസിസ്റ്റന്റ് പ്രൊഫസറായി കാരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ നിയമിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വ്വകലാശാല ഇല്ലാത്ത സംവരണം ഉണ്ടാക്കിയാണ് നിയമനം നടത്തിയത്. നിയമലംഘനത്തിന് ഒടുവില്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു.
മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിലും തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുളളവരെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന് നിയമനം നല്‍കിയെന്നാണ് ആരോപണം. കേരള സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ വിജിവിജയന് അസി.പ്രൊഫസറായി നിയമനം നല്കി. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ പ്രബന്ധരചനക്ക് ആധാരമായ ഡാറ്റ കോപ്പിയടിച്ചതാണെന്നാണ് ആരോപണം. പബ്പീര്‍ വെബ്സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഇതിന് കേരള വിസി നല്കിയ മറുപടിയാകട്ടെ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിജി വിജയന് നിയമനം നല്‍കിയതില്‍ തെറ്റില്ലെന്നും.
സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് സംസ്കൃത സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസര്‍ നിയമനം നല്‍കിയതിലും ക്രമേക്കേടെന്ന് ആരോപണം ഉയര്‍ന്നു. പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയുടെ റാങ്ക് 212. എന്നാല്‍ അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കും. ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കാകട്ടെ താഴ്ന്ന റാങ്കും. ഇടത് അധ്യാപക സംഘടനാ നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ്എഫ്ഐ നേതാവായിരുന്ന നിനിതാ കണിച്ചേരി. ഇതിനെതിരെ റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് ആരോപിച്ച് സെലക്ഷന് കമ്മിറ്റിയിലെ സബ്ജക്ട് എക്സ്പെര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫ. ഉമ്മര്‍ തറമേല്‍ രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിലും ആരോപണമുണ്ടായി. അസോസിയേറ്റ് പ്രൊഫസര്‍ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍ പ്രിയക്ക് വെറും നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്ത, നൂറോളം പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം നല്കിയ ജോസഫ് സ്കറിയയെ ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്ത് ആക്കിയ ശേഷമാണ് കെ.കെ.രാഗേഷിന്റെ ഭാര്യയെ നിയമിച്ചതെന്നാണ് ആരോപണം.
മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിന് സര്‍വ്വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിനെ നേരത്തേ തൃശ്ശൂര്‍ ശ്രീ കേരളവര്‍മകോളജ് പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതിലും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: