കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐയ്ക്ക് എതിരെ കൂടുതല്‍ തെളിവുകളുമായി ഇ ഡി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തി.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ മാങ്കുളത്തെ വില്ല വിസ്റ്റ പ്രോജക്ടും അബുദാബിയിലെ ബാറും റസ്റ്റോറന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും ഇ ഡി കണ്ടെത്തി. ഇതിന് പുറമെ വാഗമണിലും ഫോര്‍ട്ട്കൊച്ചിയിലും മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് നിക്ഷേപം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്തിയിരുന്നു. ഈ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന് പ്രസിഡന്റ് അബ്ദുല്‍ റസാഖ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും മൂവാറ്റുപുഴ സ്വദേശിയുമായ എം.കെ. അഷറഫ് എന്നിവരുടെ വീടുകളിലും സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ന്യൂദല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ നേതാക്കള്‍ക്ക് ഇ ഡി നോട്ടീസും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: