ബ്രിസ്ബെയ്ന്‍: ഗാബയില്‍ പതിറ്റാണ്ടുകളുടെ ചരിത്രം ആവര്‍ത്തിച്ചു. ആതിഥേയരായ ഓസ്ട്രേലിയക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഇംഗ്ലീഷ് നിര കീഴടങ്ങി. അഞ്ച് ദിനം പോലും പൂര്‍ത്തിയാക്കാതെയാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. ഓസ്ട്രേലിയയുടെ ജയം ഒമ്പതു വിക്കറ്റിന്. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.
നാല് വിക്കറ്റുകളുമായി സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്. മൂന്നാം ദിനം കാട്ടിയ ചെറുത്ത് നില്‍പ്പ് ഇന്നലെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കാട്ടാനായില്ല. കൂട്ടത്തോടെ തരിപ്പണമായി. ഇംഗ്ലണ്ടിന്റെ മധ്യനിരയെ വട്ടം കറക്കി വിക്കറ്റുകള്‍ കൊയ്തതോടെ നാനൂറ് വിക്കറ്റുകളെന്ന ചരിത്ര നേട്ടത്തിലും ലിയോണെത്തി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഓസീസ് താരം. നായകന് ജോ റൂട്ടിന്റെയും ഡേവിഡ് മലാന്റെയും ചെറുത്തുനില്‍പ്പോടെയാണ് മൂന്നാം ദിനം ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. ഇന്നലെ കളി പുനരാരംഭിച്ച് നാലാം ഓവറില്‍ തന്നെ മലാന് വീണു. ലിയോണിന്റെ പന്തില്‍ ലബുഷെയ്ന് ക്യാച്ച് നല്കി പുറത്തായി. തൊട്ടു പിന്നാലെ പിടച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിച്ച റൂട്ടും പുറത്ത്. റൂട്ട് 89 റണ്‍സും മലാന് 82 റണ്‍സും നേടി.
പിന്നീട് ഇംഗ്ലണ്ട് താരങ്ങളുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. പിടിച്ചു നില്‍ക്കാനാകാതെ മധ്യനിര തകര്‍ന്നു. ടീമിലേക്ക് തിരിച്ചെത്തിയ ബെന്‍ സ്റ്റോക്സ് (14), ഒലി പോപ്പ് (നാല്), ജോസ് ബട്ലര് (23), ക്രിസ് വോക്സ് (16) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 20 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയത്തിലേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: