പ്രിയപ്പെട്ട മുഖ്യമന്ത്രി,
2021 നവംബര്‍ 21ന് കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കുള്ള ചാന്‍സലേഴ്സ് അവാര്‍ഡ് വിതരണ വേളയില്‍ ഞാന്‍ നടത്തിയ പ്രസംഗം ഓര്‍ക്കുമല്ലോ. തദവസരത്തില്‍ കേരളത്തിലെ അധ്യാപകരും ഗവേഷകരും സംസ്ഥാനത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ പുറത്ത് തിളങ്ങുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ച് ഭാരതരത്നം പ്രൊഫസര്‍ സി.എന്‍.ആര്. റാവു നമ്മുടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തിനെപ്പറ്റി ഞാന്‍ പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു. ദീര്‍ഘകാലമായി ഉയര്‍ന്ന സാക്ഷരതാ നിരക്കും ഉന്നത സാമൂഹ്യ ബോധവുമുള്ള ഒരു ചെറിയ സംസ്ഥാനം ഇത്തരത്തിലൊരു ദുരവസ്ഥ അനുഭവിക്കുന്നത് അമ്പരപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
വിദ്യാഭ്യാസ വിചക്ഷണനും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന പ്രമുഖ ചരിത്രകാരന് പ്രൊഫ. കെ.എന്‍. പണിക്കര്‍ എഴുതിയ ‘ക്വസ്റ്റ് ഫോര്‍ ക്വാളിറ്റി ഹയര്‍ – എഡ്യൂക്കേഷന്‍ ഇന്‍ കേരള’ എന്ന ലേഖനവും ഞാന്‍ പരാമര്‍ശിക്കുകയുണ്ടായി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മോശം നിലവാരത്തെയും അതിനായുള്ള സ്ഥാപനങ്ങളുടെ കുറവിനേയും പ്രൊഫ. പണിക്കര്‍ അപലപിക്കുകയും കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ കുടിയേറാനുള്ള കാരണമായി അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പല തെറ്റായ കാരണങ്ങളുടെ പേരിലും, പ്രത്യേകിച്ച് നിശ്ചിത ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള വിവിധ നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കഴിഞ്ഞ കാലങ്ങളില്‍ സര്‍വ്വകലാശാലകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു.
കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ സ്ഥിതിഗതികള്‍ ഏറെ വിസ്മയത്തോടെയാണ് ഞാന്‍ കണ്ടത്. എന്നാല്‍, എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായി ലംഘിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ എനിക്കുമേല്‍ ഉണ്ടായ സമ്മര്‍ദ്ദങ്ങളും സംഭവവികാസങ്ങളും എന്നെ അത്യധികം സങ്കടത്തിലാക്കി.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമന വിഷയത്തില്‍ ചുമതലയേല്‍ക്കുന്ന കാലപരിധി സംബന്ധിച്ച് ‘പുനര്‍ നിയമനം’ നീട്ടിക്കൊടുക്കലിന് സമാനമല്ലെന്ന് താങ്കളുടെ നിയമോപദേഷ്ടാവിനെ (എന്നോട് സംസാരിക്കാന്‍ താങ്കള്‍ ചുമതലപ്പെടുത്തിയത്) ബോധ്യപ്പെടുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. നിശ്ചിത നടപടിക്രമങ്ങള്‍ മറികടക്കണം എന്നല്ല അതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് തന്റെ ഉപദേശമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു.
തനിക്കു തന്ന ഒപ്പിടാത്ത കുറിപ്പ് അഡ്വക്കേറ്റ് ജനറല്‍ പരിശോധിച്ചതാണെങ്കില്‍ എജിയുടെ സീലും ഒപ്പും സഹിതമുള്ള അഭിപ്രായം തന്നെ വേണമെന്ന് അപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടു. അന്ന് വൈകിട്ടു തന്നെ നിങ്ങളുടെ നിയമോപദേഷ്ടാവ് രേഖ ഹാജരാക്കി. എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഒരു തര്‍ക്കത്തിന് ഞാന്‍ താത്പര്യപ്പെട്ടില്ല. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവില്‍ ഒപ്പിട്ടെങ്കിലും തുടര്‍ന്ന് ഞാന്‍ ഏറെ അസ്വസ്ഥനായി.
ഇന്ന് രാഷ്ട്രീയ നോമിനികളും അക്കാദമിക് വിദഗ്ധരല്ലാത്തവരുമാണ് സര്‍വ്വകലാശാലകളില്‍ പഠനകാര്യങ്ങില് തീരുമാനം എടുക്കുന്നത്. ചാന്‍സലറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വൈസ്ചാന്‍സലര്‍ കോടതിയെ സമീപിക്കുന്ന തരത്തില്‍ അച്ചടക്കരാഹിത്യത്തിന്റെ അന്തരീക്ഷമാണ് ഇത്തരം രാഷ്ട്രീയ ബാന്ധവങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും ചുരുങ്ങിയത് അടുത്ത ആറ് മാസത്തേക്കെങ്കിലും അദ്ദേഹം അതിനു തയ്യാറാവില്ല. ഈ പെരുമാറ്റ ദൂഷ്യത്തിന് അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതാണ് ചോദ്യം. അത് അദ്ദേഹം അവകാശപ്പെടും പോലെ തന്റെ സജീവ രാഷ്ട്രീയ ബന്ധങ്ങളാല്‍ ആണോ?
ശ്രീനാരയണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ അത് നിലവില്‍ വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ ശേഷം സര്‍ക്കാര്‍ ഫാക്കല്‍റ്റി നിയനത്തിന് അനുമതി നല്കി. എന്നാല്‍ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തിലേറെ എടുക്കുകയും ഫാക്കല്‍റ്റിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യുജിസി പോര്‍ട്ടല്‍ 2022 ജനുവരിയില്‍ തന്നെ തുറക്കുകയും അടയ്ക്കുകയും ചെയ്യും എന്നതാണ് സര്‍വ്വകലാശാല നേരിടുന്ന പ്രതിസന്ധി. വീണ്ടും ഒക്ടോബറില്‍ മാത്രമേ പോര്‍ട്ടല്‍ തുറക്കുകയുള്ളൂ. അതിന്റെ അര്‍ത്ഥം, നിലവില്‍ വന്ന് രണ്ടു വര്‍ഷത്തിന് ശേഷവും യാതൊരു അക്കാദമിക് പരിപാടികളും ആരംഭിക്കാന്‍ സര്‍വ്വകലാശാലക്ക് കഴിയില്ല എന്നതാണ്.
നിയമിതനായ ശേഷം ഇന്നേവരെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല എന്നത് സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഗൗരവമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. എന്തുകൊണ്ട്? വിസിയുടെ ശമ്പളം തീരുമാനിക്കാന്‍ സര്‍ക്കാരിന് സമയമില്ല!.
ഡിഒ 26-05-21, 23-06-21, 03-08-21 തിയതികളിലെ കത്തുകള്‍ വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയുണ്ടായി. എന്നാല്‍, ഏറെ ദു:ഖത്തോടെ പറയട്ടെ, ഇന്നേവരെ, കത്തുകളും രണ്ട് ഓര്‍മ്മപ്പെടുത്തലുകളും അയച്ച് ആറുമാസത്തിന് ശേഷവും ചാന്‍സലറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കൈപ്പറ്റി അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാര്യത്തില്‍ സംസ്ഥാന ആസൂത്രണ ബോര്ഡ്് വൈസ് ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റി ഒരേയൊരാളുടെ പേരാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മൂന്ന് പേരടങ്ങുന്ന പാനല്‍ വേണമെന്ന യുജിസി ചട്ടം തീര്‍ത്തും ലംഘിച്ചുകൊണ്ടുള്ളതാണ് ഈ ശുപാര്‍ശ. യുജിസി ചട്ടങ്ങള്‍ ഏത് സംസ്ഥാന സര്‍വ്വകലാശാല നിയമ വ്യവസ്ഥകള്‍ക്കും മുകളിലാണെന്ന് അഡ്വക്കേറ്റ് ജനറലും അഭിപ്രായപ്പെട്ടിട്ടുള്ളത് ഇക്കാര്യത്തില്‍ പ്രസക്തമാണ്.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ എന്റെ ഉത്തമ ബോധ്യത്തിന് വിരുദ്ധമായ ചില കാര്യങ്ങള്‍ ചെയ്തതായി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, എന്റെ സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയും ആഗ്രഹിക്കുന്നില്ല.
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള ചാന്‍സലറുടെ അധികാരം നീക്കിയും അക്കാര്യത്തില്‍ ഹൈക്കോടതിയുമായി കൂടിയാലോചന നടത്താമെന്നുള്ള വ്യവസ്ഥ റദ്ദാക്കിയും അടുത്തിടെ നിങ്ങള്‍ സര്‍വകലാശാലാ നിയമ ഭേദഗതി പാസാക്കി. ജുഡീഷ്യല്‍ അധികാരമുള്ള ട്രൈബ്യൂണല്‍ നിയമന കാര്യത്തില്‍ ഹൈക്കോടതിയുമായുള്ള കൂടിയാലോചന ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ ഭേദഗതി നിയമമായാല്‍ ചാന്‍സലറോ ഹൈക്കോടതിയുമായോ ആലോചിക്കാതെ ട്രൈബ്യൂണല്‍ നിയമനത്തിനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിന് ആയിരിക്കും.
ഇത്തരം സാഹചര്യങ്ങളില്‍, സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്ത് താങ്കള്‍ വ്യക്തിപരമായി ചാന്‍സലര്‍ പദവി ഏറ്റെടുക്കുക എന്നതാണ് നിങ്ങള്‍ക്കുള്ള എന്റെ ഉപദേശം. ഗവര്‍ണറെ ആശ്രയിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ താങ്കള്‍ക്ക് അതോടെ സാധിക്കും.
സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സര്‍വ്വകലാശാലകള്‍ എത്തുന്നതോടെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ആര്‍ക്കും ആരോപണം ഉന്നയിക്കാനുള്ള സാധ്യതകളും ഇല്ലാതാകും, നിയമസഭായോഗം നടക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കാം. അപ്പോള്‍ തന്നെ അതില്‍ ഒപ്പിട്ടു തരാമെന്നും ഉറപ്പ് നല്കുന്നു.
സമാന്തരമായി, ചാന്‍സലര്‍ അധികാരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറിക്കൊണ്ടുള്ള നിയമപരമായ രേഖ തയ്യാറാക്കാന്‍ അഡ്വക്കേറ്റ് ജനറലിനോടും ആവശ്യപ്പെടാം. ഇതിനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അഡ്വക്കേറ്റ് ജനറലിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നെനിക്ക് ഉറപ്പുണ്ട്.
ചാന്‍സലര്‍ എന്ന നിലയില്‍ തുടര്‍ച്ചയായി നടക്കുന്ന ദോഷകരമായ രാഷ്ട്രീയ ഇടപെടലുകളും അതിന്റെ സ്വയംഭരണാധികാരം തകര്‍ക്കുന്ന നീക്കങ്ങളും തടയാന്‍ എനിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ എത്രയും പെട്ടന്ന് ഇടപെടണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
ആരിഫ് മുഹമ്മദ് ഖാന്
ഗവര്‍ണര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: