കാഞ്ഞങ്ങാട്: ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന് പൊലിഞ്ഞ ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഓര്‍മ്മകളില്‍ സഹപാഠി കാഞ്ഞങ്ങാട് മേലാങ്കോട്ടെ ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന് നായര്‍. 1991 ല്‍ മേജര്‍ ആയിരുന്നപ്പോള്‍ വില്ലിംഗ്ടണില്‍ കൂനൂരില്‍ കോളേജില്‍ ഒരേ ക്ലാസില്‍ ഇരുന്നാണ് ഇരുവരും ഒരു വര്‍ഷത്തെ ആര്‍മി ഓഫീസര്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. അന്നുമുതല്‍ പ്രഭാകരന് നായര്‍ ബിപിന്‍ റാവത്തുമായി സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുകയായിരുന്നു.
യുദ്ധ തന്ത്രവും സൂക്ഷ്മതയും ചേര്‍ന്ന ധീരയോദ്ധാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. സൈനികര്‍ ഒരിക്കലും മരിക്കുന്നില്ല മറയുക മാത്രമാണ് ചെയ്യുന്നത്. ആര്‍മി എന്നത് കുടുംബമാണ്. അവിടെ എല്ലാവരും ബന്ധുക്കളാണ്. ജോലിയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നത്. വിഭിന്നമായ ഓരോ നിയമനത്തിലും വളരെ ഇന്റലിജന്റ് ആയ ഓഫീസറായിരുന്നു റാവത്ത്. ഇന്ത്യന്‍ സേനയുടെ സംയുക്ത സൈന്യാധിപനായി നിയമിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ നല്ലൊരു തീരുമാനമായിരുന്നു. ദേശീയ പ്രതിരോധ വകുപ്പിന്റെ അക്കാദമി ആയിരുന്നു അദ്ദേഹം.
ആര്‍മി, നേവി, എയര്‍ ഫോഴ്സ് എന്നിവയില്‍ നിയമിതരാവുന്ന ഓഫീസര്‍മാര്‍ പഠിക്കുന്ന പ്രതിരോധ വകുപ്പിന്റെ ദേശീയ അക്കാദമിയാണ് എന്‍ഡിഎ. പ്ലസ് ടു കഴിഞ്ഞിട്ടാണ് ഇവിടെ പ്രവേശനം. ഈ അക്കാദമിയാണ് ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളിലെ ഓഫീസര്‍മാരെയും പരിശീലിപ്പിക്കുന്നത്. ഇവിടത്തെ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ മിലിറ്ററി അക്കാദമി, എയര്‍ഫോര്‍സ് അക്കാദമി, നേവല്‍ അക്കാദമി ഇവയിലൊന്നില്‍ ചേരും. അതിന് ശേഷം ഇന്റര്‍ സര്‍വീസ് കോളേജ്. ഡിഫന്റ് സര്‍വീസസ് സ്റ്റാഫ് കോളേജ് വില്ലിംഗ്ടണിലാണ്. അവിടെയും ഇതുപോലെ തന്നെ ഈ മൂന്ന് സര്‍വീസിലുള്ള ഓഫീസര്‍മാരും തമ്മില്‍ പ്രതിരോധവുമായി ബന്ധപ്പെട്ട ആശയവിനിമയം ചെയ്യും. ഈ പഠനസമയത്തു സൈനിക ഏകോപനം ആ തലത്തില്‍ ആണ് നടക്കാറ്.
എയര്‍ ചീഫും നേവല്‍ ചീഫും ആയുള്ള ഏകോപനവും പരിചയവും ഉള്ള അപൂര്‍വ്വ സേനാ നായകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സര്‍വ്വ സൈന്യാധിപനാവാനുള്ള അറിവും അനുഭവവുമുള്ള അപൂര്‍വ്വ വ്യക്തിയായിരുന്നു ബിപിന്‍ റാവത്തെന്ന് ഓര്‍മ്മിപ്പിച്ചു.
കാസര്‍കോട് ചെര്‍ക്കള പാടിയില്‍ വള്ളിയോടന്‍ നാരായണന് നായരുടെയും കരിച്ചേരി പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പ്രഭാകരന് നായര്‍ 1978 ലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്. ധീരതയ്ക്കുള്ള സേനാ മെഡലും വിശിഷ്ട സേനാ മെഡലും നേടിയ അദ്ദേഹം 2012ല്‍ ബ്രിഗേഡിയറായിരിക്കെയാണ് സേനയില്‍ നിന്ന് വിരമിച്ചത്. ഏച്ചിക്കാനം തറവാട്ടിലെ സീമന്തിനിയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് പ്രഭാകര്‍, ശ്രുതി പ്രഭാകര്‍. പ്രശാന്ത് പ്രഭാകര്‍ ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനറ്റ് കമാന്ററാണ്. ഉത്തരാഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനന്റ് കമാന്ററായ കോകിലയാണ് പ്രശാന്തിന്റെ ഭാര്യ. ശ്രുതി പ്രഭാകര്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് ലോഅക്കാദമിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭര്‍ത്താവ് ശരത് മോഹന്‍ ബാംഗ്ലൂര്‍ ജെറ്റ് പൈലറ്റ് ക്യാപ്റ്റനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: