ബ്രിസ്ബേന്‍: ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശക്തമായ നിലയില്‍. രണ്ടാം നാള് കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റിന് 343 റണ്‍സ് എടുത്തു. ഇതോടെ അവര്‍ക്ക് 196 റണ്‍സ് ലീഡായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 147 റണ്‍സാണെടുത്തത്.
രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഹെഡ് 112 റണ്‍സുമായി അജയ്യനായി ക്രീസിലുണ്ട്. 95 പന്ത് നേരിട്ട ഹെഡ് പന്ത്രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു. പത്ത് റണ്‍സ് കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡിന് കൂട്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം കാഴ്ചവച്ചു. ആറു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 176 പന്തില്‍ പതിനൊന്ന് ഫോറും രണ്ട് സിക്സറും സഹിതം 94 റണ്‍സ് നേടി. ഇതര ഓപ്പണര്‍ മാര്‍കസ് ഹാരിസ് മൂന്ന് റണ്‍സിന് പുത്തായെങ്കിലും വാര്‍ണറും മാര്‍നസ് ലാബുഷെയ്നും പിടിച്ചുനിന്ന ഓസ്ട്രേലിയയ്ക്ക് മികച്ച അടിത്തറ നല്കി.
രണ്ടാം വിക്കറ്റില്‍ ഇവര്‍ 156 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലാബുഷെയ്ന് 117 പന്തില്‍ 74 റണ്‍സുമായി മടങ്ങി. ആറു ഫോറും രണ്ട് സിക്സറും അടിച്ചു. നാലാമനായി ക്രീസിലെത്തിയ ഉപനായകന്‍ സ്റ്റീവ് സ്മിത്ത് 12 റണ്‍സുമായി കളം വിട്ടു. ക്യാപറ്റന് കമ്മിന്‍സും പന്ത്രണ്ട് റണ്‍സിന് ബാറ്റ് താഴ്ത്തി. കാമറൂണ്‍ ഗ്രീന്‍ പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി പേസര്‍ ഒലി റോബിന്‍സണ്‍ 18 ഓവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 147, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 343 (വാര്‍ണര്‍ 94, ഹെഡ് നോട്ടൗട്ട് 112)
പ്രതികരിക്കാൻ ഇവിടെ എഴുതുക: