കോട്ടയം: അടിസ്ഥാനപരമായി യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളോ വിദഗ്ധരുമായി ചര്‍ച്ചകളോ നടത്താതെ പശ്ചിമഘട്ടത്തെ ഒന്നടങ്കം തകര്‍ക്കുകയും കേരളത്തെ കടക്കെണിയില്‍ മുക്കി കൊല്ലുകയും ചെയ്യുന്ന കെ റയിലിന്റെ അര്‍ത്ഥ അതിവേഗ റെയില്‍വേ പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുടെ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിടുവാന് വന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും, സാമഗ്രികളുമായി എത്തിയ വാഹനങ്ങളും വെള്ളൂതുരുത്തിയില് തടഞ്ഞു വെച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂതുരത്തി പാടശേഖരത്തില്‍ അളന്നു കല്ലിടാന്‍ ആണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും കെ റെയില്‍ സമരസമിതിയും ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് പാടത്ത് നിലയുറപ്പിച്ചു.
ഡിവൈഎസ്പി ആര്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. നാട്ടുകാരെയും സമരം ചെയ്യുന്നവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘവും കെ റയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയുണ്ടായി.
കല്ലിടാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ബിജെപിയും സമരസമിതിയും സമീപവാസികളും ഉറച്ചുനിന്നതോടെ പാടത്ത് കല്ലിടാനുള്ള നീക്കം ഉപേക്ഷിച്ച് കെ റയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും തിരികെ മടങ്ങേണ്ടിവന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷും, പനച്ചിക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി.ജയകൃഷ്ണനും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
വൈസ് പ്രസിഡണ്ട് കെ പി ഭുവനേശ്. പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അശ്വിന് മാമലശ്ശേരി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമാ മുകുന്ദന്, ഡോ: ലിജി വിജയകുമാര്‍, എന്‍.കെ.കേശവന്, ജയന് കല്ലുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: