മലപ്പുറം : കെ.ടി. ജലീല്‍ എംഎല്‍എ സമുദായത്തിന് ബാധ്യതയായി മാറുകയാണ്. മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് ജലീല്‍ പയറ്റുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കെ.ടി. ജലീലിന്റെ പ്രതികരണമാണ് എംഎസ്എഫ് നേതാവിനെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റലൂടെയാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.
വിഭിന്നമായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ മുസ്ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര എന്ന രീതിയില്‍ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തിപ്പോരുന്നത്. ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ.ടി. ജലീല്‍ സമുദായത്തിന് ബാധ്യതയായി മാറുകയാണെന്നും ഫാത്തിമ ആരോപിച്ചു.
വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമസ്തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് ജലീല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സമസ്തയിലെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും അത് സര്‍ക്കാര്‍ ചെയ്യുമെന്നും കെ.ടി. ജലീല്‍ പറഞ്ഞിരുന്നു.
എന്നാല്‍ നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി. നിയമനം പിഎസ്സിക്ക് വിടും മുമ്പ് വിശദമായ ചര്‍ച്ച നടത്തുമെന്നും അത് വരെ തത്സ്ഥിതി തുടരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: